കേരളം

kerala

ETV Bharat / bharat

ചൈനയെ സാമ്പത്തികമായി എതിര്‍ക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്തു കൊണ്ട് പ്രയാസകരമാണ്? - Boycott China

പൂര്‍ണമായും ചൈനയെ ബഹിഷ്‌കരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നാണ് വ്യാപാര മേഖലയിലെ വിദഗ്‌ധര്‍ പറയുന്നത്.

ചൈന ബഹിഷ്‌കരണം  ചൈന  ഇന്ത്യ  Boycott China  punish China economically
ചൈന ബഹിഷ്‌കരണം: ചൈനയെ സാമ്പത്തികമായി എതിര്‍ക്കുന്നതില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്തു കൊണ്ട് പ്രയാസകരമാണ്?

By

Published : Jun 21, 2020, 7:42 PM IST

ന്യൂ ഡല്‍ഹി:ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുടെ അതിക്രമത്തെ തുടര്‍ന്നുണ്ടായ ഏറ്റുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് തുടര്‍ന്ന് ചൈനക്കെതിയായ വികാരം രാജ്യത്തുടനീളം അലടിക്കുകയാണ്. യുദ്ധം ഒരു ആണവ ശക്തിക്കെതിരെ സ്വീകരിക്കുന്നത് ഭൂഷണമായിരിക്കുകയില്ല എന്നതിനാല്‍ സൈനികേതര നടപടികളിലൂടെ വേണം ഇന്ത്യ ചൈനക്കെതിരെ നടപടിയെടുക്കാനെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാല്‍ പൂര്‍ണമായും ചൈനയെ ബഹിഷ്‌കരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നാണ് വ്യാപാര മേഖലയിലെ വിദഗ്‌ധര്‍ പറയുന്നത്. കാരണം ഇന്ത്യ ഒട്ടേറെ കാര്യങ്ങളില്‍ ചൈനീസ് ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍, എഞ്ചീനീയറിങ്ങ്, ഐ ടി, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിങ്ങനെയുള്ള ചില നിര്‍ണായക മേഖലകളുടെ കാര്യത്തില്‍.

“എന്‍റെ അഭിപ്രായത്തില്‍ ചൈന ബഹിഷ്‌കരണം എന്നുള്ളത് വെറുമൊരു മുദ്രാവാക്യം മാത്രമാണ്,'' എന്നാണ് ഒരു അന്താരാഷ്ട്ര വ്യാപാര വിദഗ്‌ധന്‍ പറഞ്ഞത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) നടത്തിയ ഒരു പഠന പ്രകാരം ചൈനയാണ് ലോകത്തെ ഏറ്റവും വലിയ വ്യാപാരം നടത്തുന്ന രാഷ്ട്രം. ലോകത്തെ 13 ശതമാനം കയറ്റുമതിയും 11 ശതമാനം ഇറക്കുമതിയും ചൈനയാണ് കൈയ്യാളുന്നത്. ആഗോള വ്യാപാരത്തിന്‍റെ ഏറ്റവും വലിയ പങ്കായ 13.3 ശതമാനം ചൈനയുടേതാണ്. ആഗോള വ്യാപാരത്തിന്‍റെ എട്ട് ശതമാനമുള്ള യുഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ നടന്ന മൊത്തം വ്യാപാരത്തിന്‍റെ വെറും 1.7 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവനയായിട്ടുള്ളത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്‍റെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ വ്യാപാര സമതുലിതാവസ്ഥ ചൈനക്ക് അനുകൂലമാം വിധം ഏറെ ഉയര്‍ന്നു നില്‍ക്കുന്നത് നമുക്ക് കാണാവുന്നതാണ്. 2018-19 സാമ്പത്തിക വര്‍ഷം മെയിന്‍ ലാന്‍ഡ് ചൈനയുമായുള്ള (ഹോങ്ങ്‌കോങ്ങ് ഒഴികെയുള്ള) ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 87 ബില്ല്യണ്‍ ഡോളറായി നില്‍ക്കുമ്പോള്‍ ചൈനയില്‍ നിന്നും ഇന്ത്യ 70.3 ബില്ല്യണ്‍ ഡോളറിന്‍റെ ഉല്‍പന്നങ്ങളും സേവനങ്ങളും ഇറക്കുമതി ചെയ്യുകയുണ്ടായി. അതേസമയം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി വെറും 16.75 ബില്ല്യണ്‍ ഡോളര്‍ മാത്രം. അതായത് 53.55 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാര കമ്മിയാണ് ചൈനയുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യക്കുള്ളത്.

ഒരു രാജ്യം കൂടുതല്‍ ഇറക്കുമതി ചെയ്യുകയും കുറച്ച് കയറ്റുമതി ചെയ്യുകയും ചെയ്യുന്നതാണ് അടിസ്ഥാനപരമായി വ്യാപാര കമ്മി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇറക്കുമതി ചെയ്യുന്ന രാജ്യം യു എസ് ഡോളര്‍ പോലുള്ള വിദേശ നാണ്യത്തില്‍ പണം നല്‍കേണ്ടി വരുന്നു എന്നതിനാല്‍ അത് വിദേശ നാണ്യ നീക്കിയിരുപ്പില്‍ കുറവ് വരുത്തുകയും രാജ്യത്തിന്‍റെ കറന്‍റ് അക്കൗണ്ട് കമ്മിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്യും.

ഇതില്‍ കൂടുതല്‍ ഉല്‍കണ്‌ഠപ്പെടുത്തുന്ന മറ്റൊരു കാര്യം വളരെ കുറച്ച് മൂല്യ വര്‍ധന മാത്രം ഉള്ള അസംസ്‌കൃത വസ്തുക്കള്‍, ഇരുമ്പയിരും അതുപോലുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളും അടങ്ങിയ പ്രാഥമിക ഉല്‍പന്നങ്ങളാണ് ഇന്ത്യ പ്രധാനമായും ചൈനയിലേക്ക് കയറ്റി അയക്കുന്നത് എന്നതാണ്. ഇതിന്‌ നേര്‍ വിപരീതമായി എഞ്ചിനീയറിങ്ങ് ഉല്‍പന്നങ്ങള്‍, ലാപ്‌ടോപ്പുകള്‍, മൊബൈലുകള്‍, ഐ ടി ഉല്‍പന്നങ്ങള്‍ അതുപോലെ ഇന്ത്യയില്‍ മരുന്നുല്‍പാദനത്തിനാവശ്യമായ രാസവസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുന്ന നിര്‍മാണം പുര്‍ത്തിയാക്കി കഴിഞ്ഞ ഉല്‍പന്നങ്ങളാണ് ചൈന ഇവിടേക്ക് കയറ്റുമതി ചെയ്യുന്നത്.

ഇരു രാജ്യങ്ങളുടേയും ആഗോള വ്യാപാരത്തിന്‍റെ മൊത്ത പങ്കാളിത്തം എന്ന അടിസ്ഥാനത്തില്‍ ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തെ പരിശോധിക്കുമ്പോള്‍ ചൈനയുടെ ഇറക്കുമതിയുടെ വെറും ഒരു ശതമാനം മാത്രവും അതുപോലെ അവരുടെ കയറ്റുമതിയുടെ മൂന്ന് ശതമാനവും മാത്രമാണ് ഇന്ത്യയുടേതായിട്ടുള്ളത്. ഇതിനര്‍ത്ഥം ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയാല്‍ തന്നെയും ആ രാജ്യത്തിന് അതിന്‍റെ കയറ്റുമതി വിപണിയില്‍ വെറും മൂന്ന് ശതമാനം മാത്രമാണ് നഷ്ടമാകാന്‍ പോകുന്നത്. അതുപോലെ തങ്ങളുടെ മൊത്തം ഇറക്കുമതിയില്‍ ഒരു ശതമാനത്തിനു മാത്രം അവര്‍ക്ക് പുതിയ വിതരണക്കാരെ കണ്ടെത്തേണ്ടി വരികയും ചെയ്യും.

അതേസമയം ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനത്തോളം പങ്കാളിത്തവും ചൈനയുടേതാണെന്ന് ഓര്‍ക്കണം. അതുപോലെ തന്നെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 5 ശതമാനവും ചൈനയാണ് സ്വീകരിക്കുന്നത്. ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം പൂര്‍ണമായും വേണ്ടെന്ന് വെച്ചാല്‍ ചൈനയുടെ വെറും ഒരു ശതമാനം ഇറക്കുമതിയെ മാത്രമാണ് അത് ബാധിക്കുക. അതേ സമയം ഇന്ത്യയുടെ 14 ശതമാനം ഇറക്കുമതിയെ ബാധിക്കും.

അത്തരം ഒരു സാഹചര്യത്തില്‍ ഒരു ബദല്‍ വഴി കണ്ടെത്തുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ആഗോള വിതരണ ശൃംഖലയുമായി തരക്കേടില്ലാത്ത വിധം ചേര്‍ന്ന് കിടക്കുന്ന ഒരു രാജ്യമാണ് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കണക്കുകളെ ഒന്നുകൂടി ആഴത്തില്‍ പരിശോധിച്ച് നോക്കുമ്പോള്‍ ഇന്ത്യയുടെ മൊത്തം ഇലക്‌ടോണിക്‌സ് ഇറക്കുമതിയുടെ 45 ശതമാനവും ചൈനയില്‍ നിന്നാണെന്ന് കാണാം. യന്ത്രോപകരണങ്ങളുടെ ഇറക്കുമതിയുടെ മൂന്നില്‍ ഒരു ഭാഗവും ഓര്‍ഗാനിക് രാസവസ്തുക്കളുടെ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്.

അതുപോലെ തന്നെ സിഐഐ നടത്തിയ പഠന പ്രകാരം ഇന്ത്യക്കാവശ്യമായ ഓട്ടോമൊബൈല്‍ യന്ത്ര ഭാഗങ്ങളുടേയും രാസവളത്തിന്‍റേയും 25 ശതമാനവും ചൈനയാണ് വിതരണം ചെയ്യുന്നത്.

ഫാര്‍മ, ടെലികോം മേഖലകളിലെ കനത്ത ആശ്രയത്വം

ഫാര്‍മസ്യൂട്ടിക്കല്‍ പോലുള്ള നിര്‍ണായക മേഖലകള്‍ വരുമ്പോള്‍ ചൈനക്കു മേലുള്ള ഇന്ത്യയുടെ ആശ്രയത്വം കൂടുതല്‍ കനത്തതായി മാറുന്നു. ലോകത്തെ ഏറ്റവും വലിയ ജനറിക് മരുന്ന് നിര്‍മാതാക്കളാണ് ഇന്ത്യ. പക്ഷേ അതിന്‍റെ അളവ് വെച്ചു നോക്കുമ്പോള്‍ ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ ഗ്രീഡിയന്‍സ് (എപിഐ) എന്ന പേരില്‍ അറിയപ്പെടുന്ന നിര്‍ണായകമായ ചേരുവകകള്‍ ഇന്ത്യ കനത്ത തോതില്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്.

വുഹാനില്‍ കൊവിഡ്‌ 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഈ വര്‍ഷം ആദ്യം ചൈന അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചതോട്‌ കൂടി നമ്മുടെ രാജ്യത്ത് മരുന്നുകളുടെ വില ഉയരുകയുണ്ടായി. കാരണം ചൈനയിലെ വുഹാന്‍ പ്രവിശ്യയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മിക്കവാറും എല്ലാ എപിഐകളും ഉല്‍പാദിപ്പിക്കുന്നത്. വിതരണം തടസപ്പെട്ടതോടു കൂടി രാജ്യത്ത് മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യ സര്‍ക്കാര്‍ ചൈനയില്‍ നിന്നും എപിഐകള്‍ വിമാനത്തില്‍ കൊണ്ടു വരുന്നത് പരിഗണിച്ചിരുന്നു.

അതുപോലെ, ഇന്ത്യ ഇപ്പോഴും രാജ്യത്ത് സ്‌മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കുന്നതിനായി അതിന്‍റെ വിവിധ യന്ത്ര ഭാഗങ്ങള്‍ ശേഖരിക്കുന്നതിനായി വലിയ തോതിലാണ് ചൈനയെ ആശ്രയിക്കുന്നത്. സിഐഐ നടത്തിയ പഠന പ്രകാരം ഇന്ത്യ 90 ശതമാനം മൊബൈല്‍ ഫോണ്‍ ഭാഗങ്ങളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഒപ്പോ, വിവോ, ഷവോമി, റിയല്‍മി എന്നിങ്ങനെയുള്ള ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ഫോണുകള്‍ കൂട്ടി യോജിപ്പിക്കുന്നതിനായി വന്‍ തോതില്‍ അതിന്‍റെ യന്ത്ര ഭാഗങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇന്ത്യന്‍ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയുടെ 70 ശതമാനത്തോളം കൈയ്യാളുന്നത് ഈ കമ്പനികളാണെന്ന് ഓര്‍ക്കണം. അതായത് സാംസങ്ങ്, എല്‍ ജി, സോണി, ആപ്പിള്‍ ഐ ഫോണ്‍ എന്നിങ്ങനെയുള്ള കൊറിയന്‍, ജപ്പാനീസ്, യുഎസ് ബ്രാന്‍ഡുകളെ പിന്തള്ളി കൊണ്ടാണ് ചൈനയുടെ ഈ നേട്ടം.

“ഒരു ലാപ്‌ടോപ്പോ അല്ലെങ്കില്‍ സ്‌മാര്‍ട്ട് ഫോണോ വാങ്ങുവാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഇന്ത്യക്കാരന്‍ എപ്പോഴും വിലയാണ് പ്രാഥമികമായും പരിഗണിക്കുക. 20 ശതമാനം വിലക്കുറവില്‍ ലഭിക്കുമെങ്കില്‍ ഒരു ചൈനീസ് ഉല്‍പന്നം വാങ്ങുവാന്‍ യാതൊരു തരത്തിലും അയാള്‍ മടിക്കുകയില്ല,'' ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡിലെ ഗവേഷണ വിഭാഗം തലവന്‍ രാകേഷ് മോഹന്‍ ജോഷി പറയുന്നു.

ചൈനക്കെതിരെയുള്ള ഇറക്കുമതി നിരോധനങ്ങള്‍ വ്യവസായ മേഖല മറികടന്നേക്കും

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. എന്നാല്‍ ആഗോള വ്യാപാര വാണിജ്യത്തിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടി കാട്ടുകയാണ് വിദഗ്‌ധര്‍. അവര്‍ പറയുന്നത് ഇന്ത്യ മാത്രമല്ല ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതെന്നും മറ്റ് രാജ്യങ്ങളും അവരെ ആശ്രയിക്കുന്നുണ്ടെന്നും, അതില്‍ തന്നെ സാമ്പത്തികമായി ഏറെ മുന്നേറി കഴിഞ്ഞ പല രാജ്യങ്ങളും നിര്‍ണായകമായ സാമഗ്രികള്‍ പലതും ഇറക്കുമതി ചെയ്യുന്നത് ചൈനയെ ആശ്രയിച്ചാണെന്നുമാണ്.

ചില കണക്കുകള്‍ പ്രകാരം ലോകത്ത് നൂറിലധികം രാജ്യങ്ങളിലേക്ക് നിര്‍മാണം പുര്‍ത്തിയാക്കി കഴിഞ്ഞതും നിര്‍മാണം പുര്‍ണമാക്കാത്തതുമായ ഉല്‍പന്നങ്ങൾ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഉല്‍പന്നങ്ങളും സേവനങ്ങളും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുവാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അവ മറി കടക്കുന്നതിനുള്ള വഴികള്‍ തീര്‍ച്ചയായും വ്യവസായ മേഖല കണ്ടെത്തുമെന്നാണ് വിദഗ്‌ധര്‍ കരുതുന്നത്.

“കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ചൈനയുമായി വ്യാപാരം നടത്തി വരുന്ന ചില യുഎസ് കമ്പനികള്‍ക്ക്‌ മേല്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് വാവൈ എന്ന കമ്പനിയുമായി ബന്ധമുള്ള കമ്പനികൾക്ക് മേല്‍. എന്നാല്‍ പിന്നീട് ഈ നിയന്ത്രണങ്ങള്‍ മറി കടക്കുന്നതിനു വേണ്ടി നിരവധി അമേരിക്കന്‍ കമ്പനികള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ ഉപസ്ഥാപനങ്ങള്‍ ആരംഭിക്കുകയുണ്ടായി,'' സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ എംഡിയും സിഇഒയുമായിരുന്ന മൃത്യുഞ്ജയ് മഹാപാത്ര ഇ ടി വി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details