കണ്ണൂർ:ഏഴിമല നാവിക അക്കാദമിയിൽ ബോംബ് ഭീഷണി. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയാണ് അക്കാദമി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ഭീഷണി സംബന്ധിച്ച് നാവിക അക്കാദമി അധികൃതർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇംഗ്ലീഷിൽ തയ്യാറാക്കിയ കത്തിന്‍റെ ഉറവിടം ഡൽഹിയാണെന്ന നിഗമനത്തിലാണ് പൊലീസ്. എയർഫോഴ്‌സ് കേന്ദ്രത്തിലേക്കും നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സിഖ് ടിബറ്റൻസ് ആൻഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്.
ഏഴിമല നാവിക അക്കാദമിയിൽ ബോംബ് ഭീഷണി - രാജ്യ രക്ഷാ വകുപ്പ്
എയർഫോഴ്‌സ് കേന്ദ്രത്തിലേക്കും നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സിഖ് ടിബറ്റൻസ് ആൻഡ് ജസ്റ്റീസ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്.
രാജ്യ രക്ഷാ വകുപ്പിന് കീഴിലുള്ള സ്ഥാപനമായതിനാൽ നാവിക അക്കാദമിയിൽ നേരിട്ട് അന്വേഷണം നടത്താൻ പൊലീസിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ഇതോടെ അന്വേഷണം നടത്താൻ പൊലീസ് കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് അന്വേഷണത്തിനുള്ള അനുമതിക്കായി പൊലീസ് ഹർജി നൽകിയത്.
ഈ വർഷം ഫെബ്രുവരിയിൽ നാവിക അക്കാദമിയുടെ പരിസരത്ത് അജ്ഞാത ഡ്രോൺ കണ്ടെത്തിയിരുന്നു. അക്കാദമിയുടെ നിരോധിത മേഖലയായ കടൽ തീരത്താണ് ഡ്രോൺ കണ്ടെത്തിയത്. ഭീഷണി കത്തും ഡ്രോണും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.