മംഗളൂരു:മംഗളൂരു എയർപോർട്ടില്‍ ബോംബ് വെച്ച സംഭവത്തില്‍ അറസ്റ്റിലായ ആദിത്യ റാവുവിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി മംഗളൂരുവിലേക്ക് കൊണ്ടുപോയി.
ബംഗളൂരു കോടതിയിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് വാങ്ങിയ ശേഷം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റാവുവിനെ വിമാനത്തിൽ എത്തിച്ചു. ഇന്ന് പ്രാദേശിക കോടതിയിൽ ഹാജരാക്കും.
തെക്കൻ സംസ്ഥാനത്തെ ബംഗളൂരുവിൽ നിന്ന് 360 കിലോമീറ്റർ അകലെയാണ് മംഗളൂരു. തെളിവ് ശേഖരണത്തിനായി നാളെ എയര്‍പോര്‍ട്ടിലെത്തിക്കും. ഇന്നലെ രാവിലെയാണ് ആദിത്യ റാവു പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. സ്ഫോടക വസ്തുക്കള്‍ എത്തിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ലാപ്ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കെഞ്ചാര്‍ മൈതാനത്തേക്ക് മാറ്റിയാണ് ബോംബ് നിര്‍വീര്യമാക്കിയത്.
36 കാരനായ ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. ഉഡുപ്പി ജില്ലയിലെ മണിപ്പാലിൽ താമസിക്കുന്ന സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്.