ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി ബിജെപി സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ഉയർത്തിക്കാട്ടി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നിലവിലെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതൊഴികെ മറ്റെല്ലാ കാര്യങ്ങളിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ആത്മ നിർഭർ ഭാരതത്തിന്‍റെ നേട്ടങ്ങളുടെ പട്ടികയിൽ 'രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ' 'നമസ്‌തേ ട്രംപ്' മുതലായ സംഭവങ്ങളും രാഹുൽ ഗാന്ധി അവതരിപ്പിച്ചു.
ഫെബ്രുവരിയിൽ - നമസ്‌തേ ട്രംപ്, മാർച്ചിൽ മധ്യപ്രദേശ് സർക്കാരിന്‍റെ പതനം, ഏപ്രിലിൽ വിളക്ക് തെളിയിക്കൽ, മേയിൽ ആറുവർഷം പൂർത്തിയാക്കിയ ബിജെപിയുടെ ആഘോഷം, ജൂൺ- ബിഹാറിൽ വെർച്വൽ റാലി, ജൂലൈ- രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുക എന്നിവയൊക്കെയാണ് ബിജെപിയുടെ നേട്ടങ്ങളുടെ പട്ടികയെന്ന് രാഹുൽ ഗാന്ധി കുറിച്ചു. ചൈന അതിർത്തി പ്രതിസന്ധിയെക്കുറിച്ചുള്ള പുതിയ ഷോർട്ട് ഫോർമാറ്റ് ഡിജിറ്റൽ വീഡിയോ സീരീസിന്‍റെ എപ്പിസോഡ് രാഹുൽ ഗാന്ധി തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു.