ഡല്‍ഹിയിലെ തോല്‍വി പരിശോധിക്കാന്‍ ഇന്ന് ബിജെപി യോഗം
തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 ദിവസം നീണ്ടു നിന്ന വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും 70ല്‍ എട്ട് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്വന്തമാക്കാനായത്
ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന് ചേരും. വൈകിട്ട് അഞ്ച് മണിക്ക് ചേരുന്ന യോഗത്തില്‍ ഡല്‍ഹിയിലെ പ്രചാരണം നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. പരാജയത്തിന്‍റെ കാരണങ്ങള്‍ യോഗം പരിശോധിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 ദിവസം നീണ്ടു നിന്ന വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും 70ല്‍ എട്ട് സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഷഹീന്‍ബാഗ്, ആര്‍ട്ടിക്കിള്‍ 370, പുതുക്കിയ പൗരത്വ നിയമം, രാമക്ഷേത്രം തുടങ്ങിയ സര്‍വ ആയുധങ്ങളും പ്രയോഗിച്ചിട്ടും പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത് ബിജെപി ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ നദ്ദ, ഡല്‍ഹി പ്രതിപക്ഷത്ത് ബിജെപി ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.