ന്യൂഡല്‍ഹി: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് നിര്‍ണായകമായ ഉത്തരവാദിത്തം നിര്‍വഹിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഫഡ്നാവിസ് മുംബൈയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തിരുന്നു. ഇക്കാര്യം ഒരു ദേശീയ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച് ബിജെപിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പങ്ക് എന്താണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നത് ദേവേന്ദ്ര ഫഡ്നവിസ് - Maharashtra
തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഫഡ്നാവിസ് മുംബൈയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തിരുന്നു
ഉപമുഖ്യമന്ത്രി സുശീല്‍ മോഡി, ബിഹാര്‍ ബിജെപി പ്രസിഡന്റ് സഞ്ജയ് ജയ്സ്വാള്‍ , കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ്, ബിഹാറിലെ ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവര്‍ ഉള്‍പ്പടെ 14 അംഗങ്ങളാണ് ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്ളതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ബിഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫഡ്നവിസ് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചതായും എല്ലാ സുപ്രധാന യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ്. നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 29നാണ് അവസാനിക്കുന്നത്. കൊവിഡ്-19 പകര്‍ച്ചവ്യാധി കാരണം ബിഹാറിലെ തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.