ന്യൂഡല്‍ഹി: ഗോഡ്സെ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രഗ്യാ സിങ് ഠാക്കൂർ. ലോക്സഭയില്‍ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞു. പ്രസ്താവന സന്ദർഭത്തിനനുസരിച്ച് വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും പ്രഗ്യാ സിങ് പറഞ്ഞു. രാജ്യത്തിന് വേണ്ടി മഹാത്മാഗാന്ധി ചെയ്ത സംഭാവനകളെ താന്‍ ആദരിക്കുന്നതായും ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. സഭയില്‍ ഒരാള്‍ തന്നെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചു. അത് ഖേദമുണ്ടാക്കി. തനിക്കെതിരെ ഇതുവരെ ഒരു കേസും ഫയല്‍ ചെയ്തിട്ടില്ലെന്നും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന പരാമർശമാണ് ഇതെന്നും പ്രഗ്യാ സിങ് പറഞ്ഞു.
ക്ഷമ ചോദിച്ച് പ്രഗ്യാ സിങ് , മഹാത്മാഗാന്ധിയെ ആദരിക്കുന്നുവെന്നും പ്രഗ്യ
ലോക്‌സഭയിലാണ് പ്രഗ്യാ സിങ് മാപ്പ് പറഞ്ഞത്, തന്‍റെ പ്രസ്താവന വളച്ചൊടിച്ചതായും പ്രഗ്യ
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി എംപി സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ പരാമര്‍ശത്തില്‍ ബിജെപി പ്രഖ്യാസിങിന് സമന്‍സ് അയച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഭൂപേന്ദർ യാദവിനെ പ്രഗ്യാ സിങ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്‍റ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും ഭോപ്പാല്‍ എംപിയായ പ്രഗ്യാ സിങ്ങിനെ വിലക്കിയകതായി ബിജെപി വർക്കിങ് പ്രസിഡന്‍റ് ജെ.പി.നദ്ദ അറിയിച്ചിരുന്നു.
ഗോഡ്‌സെയെ കുറിച്ചുള്ള പ്രഗ്യാ സിങ്ങിന്‍റെ പരാമർശങ്ങൾ ഇതിന് മുമ്പും വിവാദമായിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് പ്രഗ്യാ വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. തുടർന്ന് തന്‍റെ പരാമർശത്തില്‍ പ്രഗ്യാ മാപ്പ് പറഞ്ഞിരുന്നു. സമൂഹത്തിന് തെറ്റായ സന്ദേശമാണ് പ്രഗ്യാ സിങ് നല്‍കുന്നതെന്നും പ്രഗ്യക്കുവേണ്ടി താന്‍ മാപ്പ് പറയുന്നതായും അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു.