ചണ്ഡീഗഡ് (ഹരിയാന) : ഹരിയാനില്‍ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പി- ജെ.ജെ.പി കൂട്ടുകക്ഷി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് ശേഷം ജനനായക് ജനതാ പാര്‍ട്ടി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് ജനഹിതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭുപീന്ദര്‍ സിങ് ഹൂഡ രംഗത്തെത്തി.
ഹരിയാനയിലെ ബി.ജെ.പി-ജെ.ജെ.പി കൂട്ടുകെട്ട് ജനങ്ങളോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ് - ജെ.ജെ.പി
പലയിടങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് ജെ.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഫലം വന്നതിന് ശേഷം ഇരു പാര്‍ട്ടികളും ഒന്നിച്ചത് ജനഹിതത്തിനെതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഭുപീന്ദര്‍ സിങ് ഹൂഡ അഭിപ്രായപ്പെട്ടു
90 സീറ്റുകളുള്ള ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നീട് 40 സീറ്റുകളില്‍ ജയിച്ച ബി.ജെ.പിയും 10 സീറ്റില്‍ ജയിച്ച ജെ.ജെ.പിയും ഒരുമിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും ഇന്ന് സത്യപ്രതിഞ്ജ ചെയ്‌തു.
പലയിടത്തും ബി.ജെ.പിക്ക് എതിരെ മത്സരിച്ച് വിജയിച്ച ജെ.ജെ.പി ഫലം വന്നതിന് ശേഷം ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നത് ജനാധിപത്യത്തിന് യോജിക്കുന്നതല്ലെന്നും ഹൂഡ പറഞ്ഞു. തികച്ചും വ്യത്യസ്ഥമായ നിലപാടുകളുള്ള പാര്‍ട്ടിയാണ് ബി.ജെ.പിയും ജെ.ജെ.പിയും ഇവര്‍ എങ്ങനെ ഒന്നിച്ചു ഭരിക്കുമെന്നത് കണ്ടറിയേണ്ടതാണെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതില്‍ കോണ്‍ഗ്രസിന് വീഴ്‌ച പറ്റി, അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കില്‍ ഫലം മറ്റൊന്നായേനെയെന്നും ഭുപീന്ദര്‍ സിങ് ഹൂഡ അഭിപ്രായപ്പെട്ടു.