പട്‌ന:ബിജെപി-ജെഡിയു സംഖ്യത്തെ സച്ചിൻ- സെവാഗ് ഓപ്പണിങ് കൂട്ടുകെട്ടിനോട് ഉപമിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭാഗൽപൂർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിലുടനീളം ആർജെഡിയെ കടന്നാക്രമിച്ച രാജ്‌നാഥ് സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അഴിമതി രഹിത പ്രതിച്ഛായ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്.
ബിജെപി-ജെഡിയു സംഖ്യം സച്ചിൻ- സെവാഗ് ഓപ്പണിങ് കൂട്ടുകെട്ട് പോലെ: രാജ്‌നാഥ് സിങ്
ആര്‍.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ പരിഹസിച്ച് രാജ്‌നാഥ് സിങ്
ആർജെഡിയുടെ 15 വർഷത്തെ ദുർഭരണവും നിതീഷ് കുമാറിന്‍റെ കാലഘട്ടവും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കറിയാം. 'റാന്തൽ പൊട്ടി എണ്ണ ഒലിക്കുകയാണെന്നും ഉപയോഗ ശൂന്യമാണെന്നും' ആർജെഡിയുടെ റാന്തൽ ചിഹ്നത്തെ പരിഹസിച്ചുകൊണ്ട് രാജ്‌നാഥ് സിങ് പറഞ്ഞു. റോഡുകൾ, വൈദ്യുതി, വെള്ളം തുടങ്ങി പതിറ്റാണ്ടുകളായുള്ള ബിഹാർ ജനതയുടെ അടിസ്ഥാന ആവിശ്യങ്ങൾ ഈ സർക്കാർ സഫലമാക്കി.
'നിതീഷ് കുമാർ ബിഹാറിനായി എല്ലാം ചെയ്‌തുവെന്ന് ഞാൻ അവകാശപ്പെടുന്നില്ല. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും ബീഹാറിനായി കൂടുതൽ ചെയ്യേണ്ടതുണ്ടോ എന്നും ചർച്ചചെയ്യാം. പക്ഷേ നിതീഷിന്‍റെ ആത്മാർത്ഥതയെക്കുറിച്ച് ആർക്കും സംശയം ഉണ്ടാകില്ല' രാജ്‌നാഥ് സിങ് പറഞ്ഞു. ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ബിഹാർ റെജിമെന്‍റിലെ സൈനികരെ അനുസ്‌മരിച്ച രാജ്‌നാഥ് സിങ് ബീഹാർ ജനത കാണിച്ച ധീരതയ്‌ക്ക് നന്ദി പറഞ്ഞു. ബീഹാറിൽ 243 സീറ്റുകളിലേക്കായി ഒക്‌ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നീ തിയതികളിലായ് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ പത്തിനാണ് വോട്ടെണ്ണൽ.