മുംബൈ:ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ മുംബൈ ദിൻദോശി കോടതിയിൽ വാദം പൂർത്തിയായി. കോടതിയിൽ യുവതി നൽകിയ തെളിവുകൾ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ വാദിച്ചു.
എഴുതി നൽകിയ വാദത്തിന് പുറമേ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, യുവതിക്ക് പണം കൈമാറിയതിന്‍റെ രേഖകൾ എന്നിവ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യം നൽകരുതെന്ന വാദത്തിന് ബലമേകാൻ സമാന കേസുകളുടെ വിധി പകർപ്പുകളും സമർപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ബിനോയിയുടെ അഭിഭാഷകൻ ഇന്ന് കോടതിയിൽ നൽകിയത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തിയതെന്ന വാദമാണ് ബിനോയിയുടെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ഉയർത്തിയത്.
ഡി എന്‍ എ പരിശോധനയെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. ബിനോയ് പ്രായപൂർത്തിയായ വ്യക്തിയാണ്, വ്യക്തിപരമായ കേസാണിതെന്നും പ്രതിഭാഗം വാദിച്ചു. ഏറെ നാൾ ഒന്നിച്ച് താമസിച്ച് തെറ്റി പിരിയുമ്പോൾ ഇരുകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ബലാത്സംഗ കുറ്റമാകുന്നതെങ്ങനെയെന്നും അഭിഭാഷകൻ ചോദിച്ചു. നടൻ ആദിത്യ മോഹനൊപ്പമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.