പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം - dindoshi
പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനക്ക് തയ്യാറാകണമെന്ന് കോടതി
മുംബൈ:ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ദോഷി കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ കെട്ടിവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനക്ക് തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ഡിഎന്‍എ പരിശോധന വേണമെന്ന യുവതിയുടെ ആവശ്യം ബിനോയുടെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. വിവാഹം നടന്നതായി കാണിച്ച് യുവതി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ബിനോയുടെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ബിനോയ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ജൂണ്‍ 13 നാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിയായ യുവതി പരാതി നല്‍കിയത്. ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ബിനോയുമായുള്ള ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെ ബിനോയും അമ്മ വിനോദിനിയും ഭീഷണിപ്പെടുത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.