ന്യൂഡൽഹി: നെഹ്റു കുടുംബത്തിനുള്ള എസ്‌പിജി സുരക്ഷ പിന്‍വലിച്ചത് സംബന്ധിച്ച വിവാദങ്ങള്‍ തുടരവെ എസ്‌പിജി ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ബിൽ അടുത്ത ആഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാൾ രാജ്യസഭയെ അറിയിച്ചു.
എസ്പിജി ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ - നെഹ്റു കുടുംബം
എസ്‌പിജി ഭേദഗതി ബിൽ അടുത്ത ആഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാൾ രാജ്യസഭയെ അറിയിച്ചു
നിലവില്‍ പ്രധാനമന്ത്രി, അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍, മുന്‍ പ്രധാനമന്ത്രി, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവർക്ക് സുരക്ഷാ ഭീഷണി അനുസരിച്ചാണ് എസ്‌പിജി സംരക്ഷണം നല്‍കി വരുന്നത്. എന്നാൽ നിർദിഷ്ട ഭേദഗതി പ്രകാരം മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്ക് ഇനി മുതൽ എസ്‌പിജി സുരക്ഷാ പരിരക്ഷ ലഭിക്കില്ല. പ്രധാനമന്ത്രിക്ക് മാത്രമായി എസ്‌പിജി സുരക്ഷ പരിമിതപ്പെടുത്തുകയെന്നാണ് ബിൽ ഭേദഗതിയുടെ ലക്ഷ്യം.
ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു.
1991 മെയ് 21 ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ എസ്‌പിജി സുരക്ഷ അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് നെഹ്‌റു കുടുംബത്തിന് നല്‍കി വരുന്ന എസ്‌പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതോടെ സിആര്‍പിഎഫിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമായിരിക്കും ഇവര്‍ക്ക് ലഭിക്കുക.