ന്യൂഡൽഹി: മുത്തലാഖ് ബിൽ ലോക്‌സഭ പാസാക്കി. ബില്ലിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രമേയം തള്ളി. 303നെതിരെ 82 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. മുത്തലാഖ് ബിൽ ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥക്കെതിരെയാണ് കോൺഗ്രസ് വോട്ടു ചെയ്തത്. മുത്തലാഖ് നിയമം മതം, വോട്ട് എന്നിവയുമായി ബന്ധപ്പെട്ടതല്ലെന്നും ലിംഗ നീതി ഉറപ്പാക്കലാണ് ബില്ലുകൊണ്ട് ലക്ഷ്യം വെക്കുന്നതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു.
മുസ്ലീം സമുദായത്തിൽ മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന രീതിക്കെതിരെയാണ് ബില്ല്. ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിയുന്ന ഭര്‍ത്താവിന് ജയിൽ ശിക്ഷ നൽകാനുള്ള ചട്ടങ്ങളടങ്ങിയതാണ് മുത്തലാഖ് ബില്ല്. ബില്ലിനെതിരെ ഇന്ന് സഭയിൽ വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഭരണകക്ഷിയായ നിതീഷ് കുമാറിന്‍റെ ജനതാദൾ യുണൈറ്റഡ് എംപിമാർ ചർച്ചയിൽ പങ്കെടുക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. സമുദായത്തിന്‍റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസാക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ജെഡിയുവിന്‍റെ ഇറങ്ങിപ്പോക്ക്. നേരത്തെയും മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭ അംഗീകരിച്ചിരുന്നില്ല.