പട്‌ന: ബിഹാറിൽ 87,000 പേർ കൂടി വെള്ളപ്പൊക്ക ഭീഷണിയിലായി. സംസ്ഥാനത്ത് വെള്ളപ്പൊക്ക ബാധിതരുടെ എണ്ണം 74 ലക്ഷമായി ഉയർന്നു. പ്രളയം മൂലം മരണമടഞ്ഞവരുടെ എണ്ണം 23 ആയി. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ദർബംഗയിലാണ്. മുസാഫർപൂരിൽ ആറ്, പശ്ചിമ ചമ്പാരനിൽ നാല്, സരൺ, സിവാൻ ജില്ലകളിൽ രണ്ട് വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രളയക്കെടുതി അവസാനിക്കാതെ ബിഹാർ സീതാമർഹി, ഷിയോഹർ, സുപോൾ, കിഷൻഗഞ്ച്, ദർഭംഗ, മുസാഫർപൂർ, ഗോപാൽഗഞ്ച്, വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ഖഗേറിയ, സരൺ, സമസ്തിപൂർ, സിവാൻ, മധുബാനി, മാധേപുര, സഹർസ എന്നിവയാണ് സംസ്ഥാനത്തെ 16 വെള്ളപ്പൊക്ക ബാധിത ജില്ലകൾ.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 20 ടീമുകളും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ്‌ഡിആർഎഫ്) 13 ടീമുകളും നടത്തിയ സംയുക്ത രക്ഷാപ്രവർത്തനത്തിൽ ഇതുവരെ 5.08 ലക്ഷം പേരെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. മൊത്തം 11,849 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 9.46 ലക്ഷം പേർക്ക് 1,267 കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷണം നൽകി.
ബാഗ്മതി, ബുർഹി ഗന്ധക്, കമലബാലൻ, അദ്വാര, ഖിരോയി, ഘാഗ്ര തുടങ്ങിയ നദികൾ അപകടനിരപ്പിന് മുകളിലൂടെ ഒഴുകുന്നു. ഭാഗൽപൂരിലെ കഹൽഗാവിൽ അപകടചിഹ്നത്തിന് 17 സെന്‍റീമീറ്റർ ഉയരത്തിലാണ് ഗംഗ ഒഴുകുന്നത്.