ജയ്പൂർ: രാജസ്ഥാനിൽ കൊവിഡ് 19 കേസുകളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഒട്ടുമിക്ക കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് തലസ്ഥാനമായ ജയ്പൂരിലാണ്. എന്നാൽ ദിനം പ്രതി ഒട്ടനവധി കൊവിഡ് 19 കേസുകളാണ് ബിൽവാരയിൽ നിന്നും മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. രോഗികളുടെ എണ്ണം വർധിച്ചത് ഭരണകൂടത്തിന് വെല്ലുവിളിയായി. ബിൽവാരയെ രാജസ്ഥാനിലെ ഇറ്റലി എന്ന് വിളിക്കുന്ന അവസ്ഥവരെ ഉണ്ടായി. എന്നാൽ പിന്നീട് ഈ സ്ഥിതി മാറി. കൊവിഡ് ബാധിച്ചതിൽ ഒട്ടുമിക്കവരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഈ കാഴ്ച ബിൽവാരക്കും രാജസ്ഥാനും ആശ്വാസം പകരുന്നതായിരുന്നു.
കൊവിഡിനെ പുറത്താക്കി ബിൽവാര - Bhilwara
രാജസ്ഥാനിലെ ബിൽവാര ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികൾ ഉണ്ടായിരുന്നതെങ്കിലും നിലവിൽ ഇവിടെ പുതിയതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല
ജില്ലയിൽ രോഗം വ്യാപിച്ചതോടെ ഇതെങ്ങനെ തടയാം എന്ന വെല്ലുവിളിയാണ് ജില്ലാ ഭരണകൂടം നേരിട്ടത്. കൊവിഡ് 19 പ്രതിരോധത്തിനായി ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലോക് ഡൌണിന് പുറമേ കർഫ്യൂവും നടപ്പിലാക്കി. തൊട്ടുപിന്നാലെ ജില്ലാ അതിർത്തിയും അടച്ചു. ഇതോടെ ജില്ലയിൽ നിന്നും പുറത്ത് പോകാനോ മറ്റ് ജില്ലകളിൽ നിന്നും ബിൽവാരയിലേക്ക് പ്രവേശിക്കാനോ സാധിക്കാതെയായി. സാധ്യമായ എല്ലാ ആളുകളിലും കൊവിഡ് പരിശോധന നടത്തി. ജില്ലയിൽ മാത്രം എട്ട് ലക്ഷത്തോളം പേരേയാണ് ആരോഗ്യ സംഘം കൊവിഡ് 19 പിരിശോധനക്ക് വിധേയമാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ പ്രവർത്തകരുടേയും നിരന്തരമായ പരിശ്രമത്തിനൊടുവിൽ ബിൽവാരയിൽ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ബിൽവാരയിൽ മാർച്ച് 30 നാണ് അവസാനമായി കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം മറ്റാർക്കും ബിൽവാരയിൽ രോഗം ബാധിച്ചിട്ടില്ല. എന്നിരുന്നാലും മാസ്ക് ധരിക്കാനും സോപ്പുകൾ ഉപയോഗിച്ച് കൈ കഴുകാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വീട്ടിൽ തന്നെ തുടരാനും ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. ഭരണകൂടത്തിനൊപ്പം ആരോഗ്യ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും പൊലീസും ഒന്നിച്ച് നിന്നതോടെയാണ് ഈ വിജയം ബിൽവാരക്ക് നേടിയെടുക്കാനായത്.