സാഹിത്യ അക്കാദമി പുരസ്കാരം തിരികെ നല്‍കി പഞ്ചാബിലെ സാഹിത്യകാരന്മാര്‍ - ഭാരതീയ സാഹിത്യ അക്കാദമി ജേതാക്കൾ പുരസ്‌കാരങ്ങൾ തിരികെ നൽകി
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്, ഡോ. മോഹൻജീത്, ഡോ. ജസ്വിന്ദർ സിങ്, സ്വരാജ് ബിർ സിങ് എന്നിവരാണ് പുരസ്കാരം തിരികെ നല്‍കിയത്
ചണ്ഡിഗഡ്:കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബിൽ നിന്നുള്ള ഭാരതീയ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കൾ പുരസ്‌കാരങ്ങൾ തിരികെ നൽകി. ഡോ. മോഹൻജീത്, ഡോ. ജസ്വിന്ദർ സിങ്, സ്വരാജ് ബിർ സിങ് എന്നിവരാണ് അവാർഡുകൾ തിരികെ നൽകിയത്.
കേന്ദ്ര സർക്കാർ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം കഠിനമായ ശൈത്യകാലത്ത് അവരെ തെരുവിലിറക്കിയിരിക്കുകയാണെന്നും ബഹുമതി തിരികെ നൽകി ദേശീയ തലത്തിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും സിപിഡബ്ല്യുഎ കത്തിൽ പറഞ്ഞു.
അക്കാദമി അവാർഡ് പിൻവലിച്ചുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന ഇത്തരം സ്വേച്ഛാധിപത്യ സർക്കാരുകളുടെ മനോഭാവത്തിനെതിരെ മുൻപും ധാരാളം പഞ്ചാബി എഴുത്തുകാർ പ്രതിഷേധിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിച്ചുവെന്നും അവരുടെ ആവശ്യങ്ങളെ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പത്മ വിഭൂഷൻ പുരസ്‌കാരം തിരികെ നൽകിയിരുന്നു.