കൊൽകത്ത:പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) സംഘടന ചുരുങ്ങിയത് 10 സീറ്റുകളെങ്കിലും മത്സരിക്കാന്‍ തയാറെടുത്തു വരികയാണ്. അതോടു കൂടി വോട്ടുകള്‍ ധ്രുവീകരിക്കപ്പെടുകയും, മുസ്ലീം ന്യൂനപക്ഷത്തെ സംസ്ഥാനത്തെ ഒരു വോട്ടു ബാങ്കായി വേരിതിരിച്ച് കാണുകയും ചെയ്യുന്ന പ്രശ്‌നം വീണ്ടും ശ്രദ്ധയാകര്‍ഷിക്കും. ഇതിന് പുറമെ എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ മറ്റൊരു മുസ്ലീം മത പുരോഹിതനായ അബ്ബാസ് സിദ്ദിഖി ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന സ്വന്തം പാര്‍ട്ടിയും ആരംഭിച്ചിരിക്കുന്നു. നിലവിൽ തന്നെയുളള എഐഎംഐഎം കൂടിയുള്ളപ്പോൾ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകും.
ന്യൂനപക്ഷങ്ങളെ ഒരു വോട്ടു ബാങ്കായി കണക്കാക്കുന്നത് ബംഗാള്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പാരമ്പര്യമാണ്. അത് തെരഞ്ഞെടുപ്പു കാലങ്ങളില്‍ മാത്രമായി ഒതുക്കി നിര്‍ത്തപ്പെടുന്ന ഒരു കാര്യവുമല്ല. മമതാ ബാനര്‍ജി ഒരു പ്രത്യേക രീതിയില്‍ നിന്ന് പ്രാർഥിക്കുന്ന പോസ്റ്ററുകളും കട്ടൗട്ടുകളും ഒക്കെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഒരു പ്രത്യേക മത വിഭാഗത്തിൻ്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തൊട്ടു മുന്‍പായാണ് ഈ പോസ്റ്ററുകളും ബാനറുകളുമൊക്കെ പുറത്തു വിട്ടിരിക്കുന്നത്. ഇമാമുമാര്‍ക്കും മുഅയ്‌സിനുകള്‍ക്കും പ്രതിമാസ സ്‌റ്റൈപ്പൻ്റ് അനുവദിച്ചു കൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ തീരുമാനവും മമതാ ബാനര്‍ജിയുടെ പ്രീണന തന്ത്രങ്ങളുടെ ഭാഗമായുള്ള ഒന്നാണ്.
34 വര്‍ഷം ബംഗാള്‍ ഭരിച്ച ഇടതുപക്ഷ മുന്നണിയും ഇത്തരം പ്രീണന രാഷ്ട്രീയ മത്സരത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പ് വേളയിലും മുസീം ന്യൂനപക്ഷങ്ങളുടെ പരമാവധി വോട്ടുകള്‍ നേടിയെടുക്കുന്നതിനായി തങ്ങളുടേതായ രീതിയിലുള്ള തന്ത്രങ്ങള്‍ അവരും പയറ്റിയിട്ടുണ്ട്. അത് സൗജന്യങ്ങളോ അല്ലെങ്കില്‍ മദ്രസാ ബോര്‍ഡ് സ്ഥാപനവല്‍ക്കരിക്കലോ അല്ലെങ്കില്‍ മുസീം മത പഠനത്തിനു വേണ്ടി മാത്രമായുള്ള സര്‍വകലാശാല അനുവദിക്കലോ ഒക്കെയായിരുന്നു എന്നുമാത്രം. തങ്ങളുടെ അധികാര കാലയളവിൻ്റെ അവസാന ഘട്ടത്തില്‍ മുസീംങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള താല്‍പര്യവും സിപിഐഎം പ്രഖ്യാപിച്ചുവെങ്കിലും അതൊരിക്കലും അവര്‍ക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പ് അവര്‍ ഭരണത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ മുസ്ലീം വോട്ടര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കുമെന്നുള്ള പ്രതീക്ഷ മൂലം ഒരു പാര്‍ട്ടിക്കും അവരെ അവഗണിക്കുവാന്‍ കഴിയുകയില്ല എന്നതാണ് സത്യം.
എന്നാല്‍ 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വ്യത്യസ്‌തമായ ഒരു കാര്‍ഡാണ് ഇറക്കി കളിച്ചത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തെപ്പോലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പില്‍ മുന്‍പൊരിക്കലും വോട്ടര്‍മാരുടെ ധ്രുവീകരണം ഇത്ര വലിയ തോതില്‍ സംഭവിച്ചിട്ടില്ല. 2001-ലേയും 2006-ലേയും തെരഞ്ഞെടുപ്പുകളില്‍ ബിജെപി കളിക്കളത്തിൻ്റെ പാര്‍ശ്വവേലിയില്‍ ഇരുന്ന് കളി നോക്കി കാണുന്ന ഒരു സ്ഥിതിയിലായിരുന്നു. 1998-ലും 1999-ലും അതിനു ശേഷം 2004-ലെ പൊതു തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഒരു ചെറിയ സഖ്യകക്ഷി എന്ന നിലയില്‍ ആയിരുന്നു ബിജെപി ഉണ്ടായിരുന്നത് എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും മമത കോണ്‍ഗ്രസിനെ തൻ്റെ സഖ്യകക്ഷിയാക്കി മാറ്റി. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഒടുവില്‍ ഇടതുപക്ഷ മുന്നണിയെ തോല്‍പ്പിക്കുവാന്‍ മമതക്ക് കഴിഞ്ഞുവെങ്കിലും അപ്പോഴും ബിജെപിയെ അല്ല കോണ്‍ഗ്രസിനെയാണ് അവര്‍ കൂടെ കൂട്ടിയത്. അന്നത്തെ തെരഞ്ഞെടുപ്പില്‍ വെറും 4.1 ശതമാനം വോട്ട് പങ്കാളിത്തം മാത്രമാണ് കാവി പാര്‍ട്ടിക്ക് നേടിയെടുക്കുവാന്‍ കഴിഞ്ഞത്.
2016-ല്‍ മമത ഒറ്റക്ക് മത്സരിക്കുകയും വീണ്ടും ഇടതുപക്ഷ മുന്നണി-കോണ്‍ഗ്രസ് സഖ്യത്തേയും ബിജെപി യേയും പിറകിലാക്കി കൊണ്ട് വിജയം വരിച്ച് ഭരണം കൈയ്യിലാക്കുകയും ചെയ്തു. എന്നാല്‍ ബിജെപി ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഇപ്പോള്‍ അവര്‍ക്ക് സംസ്ഥാനത്ത് 10 ശതമാനം വോട്ട് പങ്കാളിത്തമുണ്ട്. 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ട് പങ്കാളിത്തം നേടിയെടുത്തുകൊണ്ട് ബംഗാളിലെ മുഖ്യ പ്രതിപക്ഷമായി മാറി ബി ജെ പി ഏവരേയും ഞെട്ടിക്കുകയും ചെയ്തു.