ബെംഗളൂരു: കർണാടകയിലെ ബെല്ലാരി ജില്ലയിൽ കൊവിഡ് കേസുകൾ വൻ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരിൽ ഭൂരിഭാഗം ആളുകളും നഗരത്തിലെ വിംസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഓരോ കൊവിഡ് രോഗിയും കനത്ത മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വേളയിൽ ഇവർക്ക് യോഗയിലൂടെ ആശ്വാസമാവുകയാണ് ചന്ദ പാഷ. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഫലപ്രദമായ യോഗ രോഗികൾക്കിടയിൽ പരിശീലിപ്പിക്കുന്ന ചന്ദ പാഷയും കൊവിഡ് ബാധിതനാണ്. ഒരാഴ്ച മുമ്പാണ് കൊവിഡ് പോസിറ്റീവായ പാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബെല്ലാരി ജില്ലയിലെ കാംപ്ലിയിലെ മുനിസിപ്പൽ കൗൺസിൽ അംഗമാണ് പാഷ.
ആശുപത്രിയിൽ യോഗ; കൊവിഡ് രോഗികൾക്ക് ആശ്വാസമായി ചന്ദ പാഷ - കൊവിഡ് രോഗി യോഗ
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഫലപ്രദമായ യോഗ രോഗികൾക്കിടയിൽ പരിശീലിപ്പിക്കുന്ന ചന്ദ പാഷയും കൊവിഡ് ബാധിതനാണ്
രോഗികൾക്ക് വിവിധ യോഗാസനങ്ങൾ പറഞ്ഞുകൊടുത്തു പരിശീലിപ്പിക്കുന്ന പാഷ ജീവിതത്തിൽ ഇനിയും പ്രതീക്ഷയോടെ തുടരാൻ കൊവിഡ് രോഗികൾക്ക് പ്രചോദനമാകുകയാണ്.
മുസ്ലിം മതവിശ്വസിയായിട്ടും സംസ്‌കൃത ശ്ലോകങ്ങൾ എങ്ങനെ പഠിച്ചുവെന്ന ആശുപത്രിയിലെ പലരുടെയും ചോദ്യങ്ങൾക്ക് പാഷ മറുപടി നൽകുന്നത് ഒരു മുസ്ലിം ആണെന്നതിനെക്കാൾ ഞാൻ ഇന്ത്യക്കാരനാണെന്നാണ്. ദിവസവും രാവിലെ എല്ലാ രോഗികളെയും പാഷ യോഗ പരിശീലിപ്പിക്കും. ഇതിലൂടെ മനസിനെ ശാന്തമാക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും രോഗികൾക്കാകുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ കൊവിഡ് വ്യാപനം ഏറ്റവും മോശം അവസ്ഥയിൽ എത്തിയേക്കാമെന്നും അതിനെതിരെ പോരാടാൻ ധൈര്യപ്പെടേണ്ടതുണ്ടെന്നും പാഷ പറയുന്നു. ശക്തമായ ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത് സാഹചര്യത്തെയും മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു