ഗുജറാത്തില്‍ മരിച്ചെന്ന് വിധിച്ച കൊവിഡ് രോഗി ഐസിയുവില്‍ ചികിത്സയില്‍ - ഗാന്ധിനഗർ വാർത്ത
ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലാണ് സംഭവം. കൊവിഡ് 19 ബാധിതന്‍ മരിച്ചെന്ന് ആരോഗ്യപ്രവർത്തകർ വിധിച്ചെങ്കിലും ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ഗാന്ധിനഗർ: കൊവിഡ് ബാധിച്ച് മരിച്ചെന്ന് ജില്ലാ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ച രോഗിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയില്‍ നിന്നുള്ള രോഗിക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ മെയ് ഒന്നാം തീയതി മരിച്ചെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞ രോഗി നിലവില്‍ അഹമ്മദാബാദ് അർബുദാശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. ഇവിടം നിലവില്‍ കൊവിഡ് 19 ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. സംഭവം വെളിച്ചത്ത് വന്നതോടെ ഉദ്യോഗസ്ഥർ തമ്മില്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമം നടത്തുകയാണ്. നിലവില്‍ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. സംസ്ഥനത്ത് ഏറ്റവും കൂടുതല്‍ പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചത് മെയ് ഏഴാം തീയതിയായിരുന്നു. 29 പേരാണ് വ്യാഴാഴ്‌ച മാത്രം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. വൈറസ് ബാധിതരുടെ എണ്ണം 7,000വും കടന്നു.