രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെ നേരിടുകയാണെന്ന് നരേന്ദ്രമോദി - PM Narendra Modi
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കഴിയുന്നത്ര വീട്ടിൽ തുടരുക എന്നതാണ് ജനങ്ങൾ കർശനമായി പാലിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു.
ന്യൂഡൽഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും പുനഃരാരംഭിച്ച സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 65-ാമത് മൻ കി ബാത്തിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തവണ നിങ്ങളോട് സംസാരിക്കുമ്പോൾ ട്രെയിൻ സർവീസുകൾ, വിമാന സർവീസുകൾ, ബസുകൾ എന്നിവ പ്രവർത്തനക്ഷമമായിരുന്നില്ല. എന്നാൽ ഇത്തവണ നിയന്ത്രണങ്ങളെല്ലാം നീക്കി. എല്ലാ മുൻകരുതലുകളോടും കൂടി ശ്രമിക് പ്രത്യേക ട്രെയിനുകളും, ആഭ്യന്തര വിമാനങ്ങളും സർവീസുകൾ നടത്തുന്നു. വ്യാവസായിക പ്രവർത്തനങ്ങളും പുനഃരാരംഭിച്ചു കഴിഞ്ഞു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കഴിയുന്നത്ര വീട്ടിൽ തുടരുക എന്നതാണ് നിങ്ങളിപ്പോൾ ചെയ്യേണ്ടത്. രാജ്യം ഒറ്റക്കെട്ടായി വൈറസിനെതിരെ പോരാടുകയാണെന്നും ലോകരാഷ്‌ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ നേട്ടങ്ങൾ എത്ര വലുതാണെന്ന് നമുക്ക് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ഒന്ന് മുതൽ ഒരു മാസത്തേക്ക് കണ്ടെയ്‌ൻമെന്‍റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി പുനഃരാരംഭിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.