ന്യൂഡൽഹി: ഈറ ഇൻഫ്രാസ്ട്രക്ചർ, എഞ്ചിനീയറിങ് കമ്പനിയുടെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ ഡിഎംആർസി സമുച്ചയത്തിൽ സൂക്ഷിച്ചിരിക്കുന്ന രണ്ട് ടണൽ ബോറിങ്ങ് മെഷീനുകൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഈറ ഇൻഫ്രാ എഞ്ചിനീയറിങ് ലിമിറ്റഡിന്‍റെ (ഇഐഇഎൽ) 33.71 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതിന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബാങ്ക് തട്ടിപ്പ്; ഈറ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ 33.71 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി - ബാങ്ക് തട്ടിപ്പ്; ഈറ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ 33.71 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി
വസ്തുവകകൾ കണ്ടുകെട്ടുന്നതിന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
2018 ഏപ്രിലിലെ സിബിഐ എഫ്‌ഐആർ പഠിച്ചതിന് ശേഷം ഏജൻസി കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉന്നയിക്കുകയും കമ്പനിയുടെ സിഎംഡി ഹെം സിംഗ് ഭരാന, ബാങ്ക് ഉദ്യോഗസ്ഥർ, ചില സ്വകാര്യ വ്യക്തികൾ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ക്രിമിനൽ ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ രേഖകളുടെ ഉപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൂടാതെ യുകോ ബാങ്ക് അനുവദിച്ച ഫണ്ടുകൾ നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിച്ചതായും ആരോപണമുണ്ട്. യുകോ ബാങ്ക് വിതരണം ചെയ്ത 450 കോടി രൂപയിൽ 236 കോടി രൂപ അനുവദിച്ച നിബന്ധനകളുടെ പരിധിക്കപ്പുറത്തേക്ക് മറ്റ് ആവശ്യങ്ങൾക്കായി കമ്പനി വിനിയോഗിച്ചു. പിന്നീട് 14.70 കോടി രൂപയുടെ തിരിമറിയും കമ്പനി നടത്തിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. കമ്പനിയുടെ 5.72 കോടി രൂപയുടെ ആസ്തി നേരത്തെ ഇഡി കണ്ടുകെട്ടിയിരുന്നു.