മുംബൈ: ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) ചെയർപേഴ്‌സണായി എമ്മി അവാർഡ് ജേതാവായ ടെലിവിഷൻ നിർമാതാവ് കൃഷ്ണേന്ദു മജുംദാറിനെ നിയമിച്ചു. തിങ്കളാഴ്ച നടന്ന ബാഫ്‌റ്റയുടെ ഡിജിറ്റൽ വാർഷിക പൊതുയോഗത്തിലാണ് 'സിക്ക് ഓഫ് ഇറ്റ്' ടെലിവിഷൻ പരിപാടി നിർമാതാവായ കൃഷ്ണേന്ദുവിനെ ചെയർപേഴ്‌സണായി നിയമിക്കാൻ തീരുമാനിച്ചത്. മൂന്ന് വർഷത്തേക്കാണ് കൃഷ്ണേന്ദുവിന്‍റെ കാലാവധി. ബ്രിട്ടീഷ് ടെലിവിഷൻ നിർമാതാവായിരുന്ന പിപ്പ ഹാരിസായിരുന്നു ഇതിന് മുന്‍പ് ബാഫ്റ്റ തലപ്പത്തുണ്ടായിരുന്നത്.
ടെലിവിഷൻ നിർമാതാവ് കൃഷ്ണേന്ദു മജുംദാർ ബാഫ്റ്റ ചെയർപേഴ്‌സൺ - ടെലിവിഷൻ നിർമാതാവ് കൃഷ്ണേന്ദു മജുംദാർ
തിങ്കളാഴ്ച നടന്ന ബാഫ്‌റ്റയുടെ ഡിജിറ്റൽ വാർഷിക പൊതുയോഗത്തിലാണ് എമ്മി അവാർഡ് ജേതാവായ ടെലിവിഷൻ നിർമാതാവ് കൃഷ്ണേന്ദു മജുംദാറിനെ നിയമിക്കാൻ തീരുമാനിച്ചത്
ടെലിവിഷൻ വ്യവസായ രംഗത്ത് ഏറെ പ്രക്ഷുബ്ധമായ വർഷമാണിതെന്നും കൊവിഡാനന്തര ടെലിവിഷൻ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ ബാഫ്റ്റ മുൻപന്തിയിലുണ്ടാകുമെന്നും കൃഷ്ണേന്ദു അറിയിച്ചു. വർണ-ലിംഗ ഭേദമില്ലാതെ എല്ലാ വിഭാഗക്കാർക്കും ബാഫ്റ്റയുടെ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട 14 വർഷമായി ബാഫ്‌റ്റയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കൃഷ്ണേന്ദു, ലേണിങ്-ന്യൂ ടാലന്റ് കമ്മിറ്റി (2006 -2010), ടെലിവിഷൻ കമ്മിറ്റി (2015-2019), ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.