ന്യൂഡല്‍ഹി: ബിജെപി എംപിയും ഡെപ്യൂട്ടി സ്‌പീക്കറുമായ രമാ ദേവിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സമാജ്‌വാദി പാര്‍ട്ടി എംപി അസം ഖാന്‍ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു. എന്നാല്‍ മാപ്പ് അംഗീകരിക്കില്ലെന്നും എംപിയെ സഭയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നും രമാ ദേവി ആവശ്യപ്പെട്ടു. രമാദേവിയെ അപമാനിക്കണമെന്ന് തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് അസം ഖാന്‍ സഭയെ അറിയിച്ചെങ്കിലും രമാ ദേവി ഇത് അംഗീകരിച്ചില്ല.
വിവാദ പരാമര്‍ശം: അസം ഖാന്‍ മാപ്പ് പറഞ്ഞു
മാപ്പ് അംഗീകരിക്കില്ലെന്നും എംപിയെ സഭയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നും രമാ ദേവി ആവശ്യപ്പെട്ടു.
മുത്തലാഖ് ബില്ലില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അസംഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സഭ നിയന്ത്രിച്ച രമാദേവിയോട് ''നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാന്‍ തോന്നുന്നു'' എന്നായിരുന്നു പരാമര്‍ശം. അസം ഖാനെതിരെ ശക്തമായി പ്രതിഷേധിച്ച സഭാംഗങ്ങള്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സഭാ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കം ചെയ്തു. സ്‌പീക്കറുടെ നിര്‍ദേശ പ്രകാരമാണ് അസം ഖാന്‍ സഭയിലെത്തി നിരുപാധികം മാപ്പ് പറഞ്ഞത്. നേരത്തേ എംപിക്ക് എസ്‌പി നേതാവ് അഖിലേഷ് യാദവ് പിന്തുണ നല്‍കിയിരുന്നു. ഇതില്‍ രമാ ദേവി സഭയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.