കേരളം

kerala

ETV Bharat / bharat

"അയോധ്യ" പ്രാർഥനയുടെ തർക്കവും രാഷ്ട്രീയവും - "അയോദ്ധ്യ" എന്ന തർക്കഭൂമി..

അയോധ്യയുടെ ചരിത്രത്തെക്കുറിച്ചും ബാബറി മസ്‌ജിദ് നിർമ്മിക്കാൻ ക്ഷേത്രം പൊളിച്ചുമാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്തതിനെക്കുറിച്ചുള്ള രാഷ്ട്രീയ, ചരിത്ര, സാമൂഹിക-മതപരമായ വാദങ്ങളാണ് അയോധ്യ തർക്കം എന്നറിയപ്പെടുന്നത്

"അയോദ്ധ്യ" എന്ന തർക്കഭൂമി..

By

Published : Oct 16, 2019, 8:01 PM IST

Updated : Oct 16, 2019, 9:38 PM IST

എന്താണ് അയോധ്യ തർക്കം?

മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളിൽ ഏഴാമത്തെ അവതാരമാണ്‌ ശ്രീരാമൻ. അയോധ്യയിൽ ജനിക്കുകയും പിന്നീട് അവിടുത്തെ രാജാവായി അദ്ദേഹം തന്‍റെ രാജ്യം ഭരിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജന്മസ്ഥലത്തെ (ജന്മഭൂമി) അനുസ്മരിപ്പിക്കുന്നതിനായി ഒരു ക്ഷേത്രം നിർമ്മിച്ചതായി മധ്യകാലഘട്ടം മുതൽ പറയപ്പെടുന്നു. 1528ൽ ഭരണാധികാരി ബാബറിന്‍റെ ജനറലായിരുന്ന മിർ ബാക്കി, ജന്മഭൂമിയിലെ ക്ഷേത്രം നശിപ്പിക്കുകയും അതേ സ്ഥലത്ത് തന്നെ ഒരു മുസ്ലീം പള്ളി നിർമ്മിക്കുകയും ചെയ്തു. അയോധ്യയുടെ ചരിത്രത്തെക്കുറിച്ചും പള്ളി നിർമ്മിക്കാൻ ക്ഷേത്രം പൊളിച്ചുമാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്തതിനെക്കുറിച്ചുള്ള രാഷ്ട്രീയ, ചരിത്ര, സാമൂഹിക-മതപരമായ വാദങ്ങളാണ് അയോധ്യ തർക്കം എന്നറിയപ്പെടുന്നത്.

തർക്കത്തിന്‍റെ തുടക്കം...

നൂറ്റാണ്ടുകളായി മുസ്ലീങ്ങൾ പള്ളിയില്‍ പ്രാർത്ഥന നടത്തുകയും, ഹിന്ദുക്കൾ പള്ളിക്ക് പുറത്ത് ഉയർത്തിയ പ്രതലത്തെ രാമ ജന്മസ്ഥാനമായി കണ്ട് ആരാധിക്കുകയും തുടർന്നു. 1853ൽ പ്രാദേശിക കലാപവും പള്ളിയുടെ നിയന്ത്രണത്തിനായി ഏറ്റുമുട്ടലുകളും ആരംഭിച്ചു. 1885 ല്‍ മസ്ജിദിന് സമീപം രാം ചബുത്രയ്ക്ക് മുകളിൽ ക്ഷേത്രം പണിയണമെന്ന് മഹാന്ത് രഘുവർ ദാസ് ഫൈസാബാദ് കോടതിയിൽ വാദിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ അഭ്യർത്ഥന കോടതി നിരസിച്ചു.

അയോധ്യ തർക്കം- 1949ലെ സംഭവങ്ങൾ

ഡിസംബർ 1949ൽ പള്ളി പരിസരത്ത് രാംലാല (രാമന്‍റെ ശിശു വിഗ്രഹം) വിഗ്രഹത്തിന്‍റെ ‘രൂപം’ കാണപ്പെട്ടു. വിഗ്രഹങ്ങൾ സ്ഥാപിച്ചതിനെക്കുറിച്ച് പ്രാദേശിക മുസ്‌ലിങ്ങൾ പരാതിപ്പെട്ടപ്പോൾ ഡി.എം കെ.കെ.നായർ പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ജനുവരി 1950ൽ പള്ളിയില്‍ പ്രാർഥന അനുവദിക്കണമെന്ന് മഹാന്ത് രാംചന്ദ്ര ദാസ് കോടതിയിൽ അപ്പീൽ നൽകി. പ്രാർഥന പുറത്തുനിന്ന് മാത്രമേ സാധിക്കുവെന്ന് കോടതി വിധിച്ചു. പള്ളിക്കുള്ളിൽ പൊതുജനങ്ങൾക്ക് (ഹിന്ദു അല്ലെങ്കിൽ മുസ്ലീം) പ്രവേശനമില്ലെന്നും പരിസരം ഭരണകൂടം പൂട്ടിയിരിക്കുകയാണെന്നും വിധി വന്നു. 1959ൽ സ്ഥലത്തിന്‍റെ നിയന്ത്രണം ആവശ്യപ്പെട്ട് നിർമോഹി അഖാറ മറ്റൊരു കേസ് ഫയൽ ചെയ്തു. 1961ൽ വിഗ്രഹങ്ങൾ നീക്കം ചെയ്യണമെന്നും സ്ഥലത്ത് ഹിന്ദുക്കൾ പ്രാർഥന നിർത്തണമെന്നും സ്ഥലത്തിന്‍റെ നിയന്ത്രണം വഖഫ് ബോർഡിന് നൽകണമെന്നും ആവശ്യപ്പെട്ട് സുന്നി വഖഫ് ബോർഡ് കോടതിയെ സമീപിച്ചു.

1980കളിലെ രാഷ്ട്രീയ പശ്ചാത്തലം

  • 1984 - വിശ്വ ഹിന്ദു പരിഷത്തിന്‍റെ ധർമ്മ സൻസാദ് (കോൺക്ലേവ്) രാമക്ഷേത്ര തർക്കം ദേശീയ രാഷ്ട്രീയത്തിന്‍റെ മുൻനിരയിൽ കൊണ്ടുവന്നു. പലയിടത്തും മുസ്‌ലിങ്ങൾ പ്രതിഷേധം നടത്തി. ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി (ബിഎംഎസി) രൂപീകരിച്ചു.
  • 1986 - ‘ഹിന്ദുത്വ’ രാഷ്ട്രീയം - ജന്മഭൂമിയിൽ ക്ഷേത്രം പണിയുന്നതിനായി വിഎച്ച്പി, സംഘപരിവാർ അഫിലിയേറ്റുകളും ബിജെപിയും ചേർന്ന് ഒരു സാമൂഹിക മത -രാഷ്ട്രീയ പ്രചാരണം ആരംഭിച്ചു. ക്ഷേത്ര ജോലികൾക്കായി കർസേവകർ സേവനം ആരംഭിച്ചു. അയോധ്യയിൽ രാം ജാനകി രഥയാത്ര സംഘടന രൂപീകരിക്കപ്പെട്ടു. വിഎച്ച്പിയുടെ യുവജന വിഭാഗമായ ബജ്രംഗ്ദൾ രൂപീകരിച്ചു. ക്ഷേത്ര നിർമാണത്തിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇഷ്ടികകൾ ശേഖരിക്കപ്പെട്ടു.
  • ഓഗസ്റ്റ് 1989 - ബാബറി മസ്ജിദ് പ്രദേശത്തെച്ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഒന്നിച്ചുചേർത്തു.
  • നവംബർ 1989- തർക്ക സ്ഥലത്തിന് സമീപം വിഎച്ച്പി നടത്തിയ ‘ശിലന്യാസ്’ ശിലാസ്ഥാപന ചടങ്ങ് നടന്നു. പ്രധാന നഗരങ്ങളില്‍ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആയിരത്തോളം പേർ മരിച്ചു. ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പ് രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടു. ദേശീയ മുന്നണിയെ നയിച്ച വി.പി.സിംഗ് ബിജെപിയുടെയും (85 സീറ്റുകൾ) ഇടതുപാർട്ടികളുടെയും പിന്തുണയോടെ പ്രധാനമന്ത്രിയായി.

അദ്വാനി രഥയാത്ര: 25 സെപ്റ്റംബർ - 30 ഒക്ടോബർ 1990

രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഒരു ബസ് പുരാണ രഥം പോലെ പരിവർത്തനം ചെയ്ത് ബിജെപി പ്രസിഡന്‍റ് എൽ കെ അദ്വാനി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി. പര്യടനത്തിന്‍റെ ഭാഗമായി 10,000 കിലോമീറ്റർ, അതായത് ഗുജറാത്തിലെ സോംനാഥ് മുതൽ യുപിയിലെ അയോധ്യ വരെ അദ്ദേഹം സഞ്ചരിച്ചു. 1990 ഒക്ടോബർ 23ന് അദ്വാനിയെ സമസ്തിപൂരിൽ അറസ്റ്റുചെയ്തു. ബീഹാറിൽ ബിജെപി, വി.പി സിംഗ് സർക്കാരിനെ പിന്തുണച്ചു. കേന്ദ്രത്തിൽ ചന്ദ്രശേഖർ കോൺഗ്രസിന്‍റെ പിന്തുണയോടെ പ്രധാനമന്ത്രിയായി. 1990 ഒക്ടോബർ 30 ന് കർസേവകരുടെ മസ്ജിദ് തകർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. 1991ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. തർക്കവിഷയമായ 2.77 ഏക്കർ സ്ഥലം പുതിയ സർക്കാർ ടൂറിസം ആവശ്യങ്ങൾക്കായി ഏറ്റെടുക്കുകയും അത് ജന്മഭൂമി ട്രസ്റ്റിന് പാട്ടത്തിന് നൽകുകയും ചെയ്തു.
അതേസമയം, തർക്ക സ്ഥലത്ത് സ്ഥിരമായ നിർമാണം അലഹബാദ് ഹൈക്കോടതി നിരോധിച്ചു. സൈറ്റിൽ ഒരു നിർമാണവും അനുവദിക്കില്ലെന്നും സ്ഥിതിഗതികൾ നിലനിർത്തുമെന്നും കല്യാൺ സിംഗ് സർക്കാർ കോടതിയെ അറിയിച്ചു. ജൂലൈ 1992- തർക്കഭൂമിയിൽ കർസേവകർ നിർമാണം ആരംഭിച്ചു. ഇത് സംസ്ഥാന -കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് വഴിയൊരുക്കി. തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി പി.വി നരസിംഹറാവു ശ്രമിച്ചെങ്കിലും വിഎച്ച്പിയും ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. 1992 ഒക്ടോബർ 30ൽ വിഎച്ച്പി ധർമ്മ സൻസാദ് ഡിസംബർ ആറ് ‘കർസേവ’ ദിനമായി പ്രഖ്യാപിച്ചു.

ബാബറി മസ്ജിദ് ധ്വംസനം

1992 നവംബറിൽ, തർക്കഭൂമിയിൽ കോടതി ഉത്തരവുകൾ പ്രകാരം ഒരു നിർമ്മാണവും അനുവദിക്കില്ലെന്ന് കല്യാൺ സിംഗ് കേന്ദ്രത്തിന് ഉറപ്പ് നൽകി. കർസേവകർക്ക് നേരെ വെടിയുതിർക്കില്ലെന്നും പൊലീസിന് അത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. കർസേവ ദിനമായി പ്രഖ്യാപിച്ച ഡിസംബർ ആറിന് അയോധ്യയിൽ രണ്ട് ലക്ഷം വരുന്ന ജനങ്ങൾ തടിച്ചുകൂടി. അശോക് സിംഗാൾ, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, മുതിർന്ന ബിജെപി / വിഎച്ച്പി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
കൈയിൽ കിട്ടിയ ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ച് കർസേവകർ ബാബറി മസ്ജിദ് തകർത്തു. രാംലാല വിഗ്രഹത്തോടുകൂടിയ ഒരു ക്ഷേത്ര സ്ഥലം വൈകുന്നേരത്തോടെ സ്ഥാപിച്ചു. മുഖ്യമന്ത്രി കല്യാൺ സിംഗ് അതേ ദിവസം രാജിവച്ചു.

കലാപങ്ങൾക്ക് തുടക്കം..

ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം കലാപം ആരംഭിച്ചു. കലാപം ഏറ്റവും രൂക്ഷമായിരുന്നത് ബോംബെയിലാണ്. കലാപത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു. രാജ്യത്താകമാനം രണ്ടായിരത്തിലധികം ആളുകൾ മരിച്ചു. ഹിന്ദു വിരുദ്ധ കലാപം എന്ന പേരിൽ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. 1993ലെ മുംബൈയിൽ തുടർച്ചയായുണ്ടായ സ്ഫോടനങ്ങൾ - ബാബറി മസ്ജിദ് തകർക്കലിനുള്ള പ്രതികാരമായി കണക്കാക്കപ്പെടുന്നു.

Last Updated : Oct 16, 2019, 9:38 PM IST

ABOUT THE AUTHOR

...view details