ലക്‌നൗ: അയോധ്യയില്‍ രാമ ക്ഷേത്ര നിർമാണത്തിനായി ഉപയോഗിക്കേണ്ട കല്ലുകളുടെ കൊത്തുപണികൾ പുരോഗമിക്കുന്നു. മെയ് 25നാണ് ക്ഷേത്രത്തിന്‍റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ നൃത്യഗോപാൽ ദാസ് നിർമാണത്തിന് തുടക്കം കുറിച്ച് പൂജ നടത്തി.
രാമ ക്ഷേത്ര നിര്‍മാണം; കൊത്തുപണികൾ പുരോഗമിക്കുന്നു - രാമ ക്ഷേത്ര നിര്‍മാണം
രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ നൃത്യഗോപാൽ ദാസാണ് രാമ ക്ഷേത്രത്തിന്‍റെ നിർമാണത്തിന് തുടക്കം കുറിച്ച് പൂജ നടത്തിയത്.
1990 മുതല്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ (വിഎച്ച്പി) നിര്‍മാണ ശാലയില്‍ ക്ഷേത്ര നിർമാണത്തിനായി കല്ലുകളില്‍ കൊത്തുപണികൾ നടത്തിയിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് പണി നിർത്തിവച്ചു. പിന്നീട് തർക്ക ഭൂമിയില്‍ ക്ഷേത്രം പണിയാൻ 2019 നവംബർ ഒമ്പതിന് സുപ്രീം കോടതി അനുമതി നൽകിയതിനെത്തുടർന്ന് പ്രവര്‍ത്തനങ്ങൾ പുനരാരംഭിച്ചു. തുടര്‍ന്ന് നിർമാണ കമ്പനിയായ ലാർസൻ ആന്‍റ് ടൂബ്രോ (എൽ ആൻഡ് ടി) ക്ഷേത്രത്തിന്‍റെ രൂപകൽപനയും നിർമാണവും ഏറ്റെടുത്തു. നിര്‍മാണത്തിനുള്ള കല്ലുകൾ കൊത്തിയെടുക്കുന്ന ജോലി വിഎച്ച്പിയാണോ കമ്പനിയാണോ ചെയ്യുന്നതെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ഒരു നിർദേശവും ട്രസ്റ്റിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടക്കാരനായ അനുഭായ് സോംപുര പറഞ്ഞു. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശലത്തൊഴിലാളികളാണ് കല്ലില്‍ കൊത്തുപണികൾ ചെയ്യുന്നത്. ഒരു നിലയിലേക്കാവശ്യമായ കല്ലിന്‍റെ കൊത്തുപണി പൂർത്തിയായി. ബാക്കിയുള്ളവ ട്രസ്റ്റിന്‍റെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.