ന്യൂഡൽഹി :2018ൽ രാജ്യത്ത് ഓരോ ദിവസവും ശരാശരി 80 കൊലപാതകങ്ങളും 289 തട്ടിക്കൊണ്ടുപോകലുകളും 91 ബലാത്സംഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻസിആർബി) ഏറ്റവും പുതിയ കണക്കുകൾ. 2018ലെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ ആകെ എണ്ണം 31,32,954 ആണ്. 19,41,680 പ്രത്യേക- പ്രാദേശിക കുറ്റകൃത്യങ്ങൾക്കെതിരായ നിയമങ്ങളും (എസ്‌എൽഎൽ) ഇതിൽപ്പെടുന്നു.
2018 ൽ ആകെ 29,017 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇത് 2017 നെ അപേക്ഷിച്ച് 1.3 ശതമാനം കൂടുതലാണ്. ഏറ്റവും കൂടുതൽ കൊലപാതക കേസുകൾക്ക് കാരണം 'തർക്കങ്ങൾ' (9,623 കേസുകൾ) ആണ്. ശത്രുത കാരണം കൊല്ലപ്പെട്ടത് 3,875 പേരാണ്. 2018ൽ 1,05,734 തട്ടിക്കൊണ്ടുപോകൽ കേസുകളിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. 2017നെ അനുസരിച്ച് 10.3 ശതമാനം തട്ടിക്കൊണ്ടുപോകൽ കേസുകളിൽ വർധനവുണ്ടായി.
2018 ൽ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 3,78,277 ആണ്. 2017 ൽ ഇത് 3,59,849 ഉം 2016 ൽ 3,38,954 ഉം ആയിരുന്നു. ഐപിസി സെക്ഷൻ 376 പ്രകാരം ബലാത്സംഗ കേസുകളുടെ എണ്ണം 33,356 ആണ്. 2017 ൽ 32,559 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്‌തപ്പോൾ 2016 ൽ ഇത് 38,947 ആയിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എൻസിആർബിയുടെ കണക്കനുസരിച്ച് 2017ലെ കേസുകളുടെ കണക്കിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 1.3 ശതമാനം വർദ്ധനവുണ്ടെങ്കിലും ഒരു ലക്ഷം പേരെ സാംപിളായി എടുക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ നിരക്ക് 388.6 ൽ നിന്ന് 383.5 ആയി കുറഞ്ഞു.
ദേശീയ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യം മോഷണമാണ്. ഇവിടത്തെ ആകെ കുറ്റകൃത്യങ്ങളിൽ 80 ശതമാനം മോഷണക്കേസുകളാണ്. 2018 ജനുവരി മുതൽ 2018 ഡിസംബർ വരെ ഡൽഹിയിൽ മൊത്തം 249,000 ക്രിമിനൽ കേസുകൾ ഫയൽ ചെയ്‌തിട്ടുണ്ട്.