ജയ്പൂർ:രാജ്യസഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജസ്ഥാനിൽ കോൺഗ്രസ് എം.എൽ.എമാരെ സ്വാധീനിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ചീഫ് വിപ്പും എംഎൽഎയുമായ മഹേഷ് ജോഷി. അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടർ ജനറലി(എ.സി.ബി)ന് സമർപ്പിച്ച കത്തിലാണ് ബിജെപിയുടെ പേരെടുത്ത് പറയാതെ മഹേഷ് ജോഷിയുടെ പരാമർശം.
രാജസ്ഥാനില്‍ കോൺഗ്രസ് എം.എൽ.എമാരെ ബിജെപി വശീകരിക്കുന്നുവെന്ന് ആരോപണം - കോൺഗ്രസ് ചിഫ് വിപ്പ്
അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടർ ജനറലിന് സമര്‍പ്പിച്ച കത്തില്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് ആവശ്യപ്പെട്ടു
തന്‍റെ പാർട്ടിയുടെ എംഎൽഎമാരെയും പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎമാരെയും വശീകരിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് മഹേഷ് ജോഷി കത്തിൽ ആരോപിക്കുന്നത്. ഇത് ഭരണഘടനക്ക് എതിരാണ്. തീർത്തും അപലപനീയമാണ്. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്കെതിരെ നടപടിയെടുക്കണമെന്നും മഹേഷ് ജോഷി കത്തിൽ ആവശ്യപെടുന്നു.
അതേസമയം, വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജയ്പൂരിലെ ശിവ വിലാസ് റിസോർട്ടിൽ എം.എൽ.എമാർ യോഗം ചേർന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎമാരും
കോൺഗ്രസ് എംഎൽഎമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. "ഞാൻ കോൺഗ്രസിനൊപ്പമാണ്. എനിക്ക് ഒരു ഓഫറും ലഭിച്ചിട്ടില്ല,” സ്വതന്ത്ര എംഎൽഎ മഹാദേവ് സിംഗ് ഖണ്ട്ല മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ 19 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാന് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഉള്ളത്.