കേരളം

kerala

ETV Bharat / bharat

പ്രവചനങ്ങളില്‍ പ്രതീക്ഷയർപ്പിച്ച് ബിജെപി; ജനവികാരം അനുകൂലമെന്ന് കോൺഗ്രസ് - , മഹാരാഷ്‌ട്ര

ദേശീയത, കശ്മീർ അടക്കമുള്ള ദേശീയ വിഷയങ്ങൾ ഉയർത്തിയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും, തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസ് സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഹരിയാനയിലും, മഹാരാഷ്‌ട്രയിലും ജനവിധി നാളെ

By

Published : Oct 23, 2019, 9:35 PM IST

ന്യൂഡല്‍ഹി; ഹരിയാനയിലും മഹാരാഷ്‌ട്രയിലും ജനവിധി അറിയാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിജയം ഉറപ്പിച്ചുകഴിഞ്ഞെന്ന് ബിജെപി സംസ്ഥാന ദേശീയ നേതൃത്വം. ലോക്സഭാ തെരഞ്ഞടുപ്പിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിനും യുപിഎയ്ക്കും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ഇരു സംസ്ഥാനങ്ങളിലും നാളെ വോട്ടെണ്ണുമ്പോൾ ജയം ഉറപ്പെന്ന് ഇരു പാർട്ടികളുടേയും സംസ്ഥാന നേതാക്കൾ പ്രതികരിച്ചു കഴിഞ്ഞു.

ദേശീയത, കശ്മീർ അടക്കമുള്ള ദേശീയ വിഷയങ്ങൾ ഉയർത്തിയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും, തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസ് സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മഹാരാഷ്ട്രയിലെ പ്രളയാനന്തര പ്രവർത്തനങ്ങളില്‍ ബിജെപി സർക്കാരിനുണ്ടായ വീഴ്ചകൾ തുറന്നുകാണിക്കാനും കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായി വിശാല സഖ്യങ്ങൾക്കും കോൺഗ്രസ് മഹാരാഷ്ട്രയില്‍ നേതൃത്വം നല്‍കി. എന്നാല്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയ ബിജെപി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിന്‍റെ ജനപ്രീതി കൂടി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്. അതിനിടെ, ശിവസേന ഇത്തവണ മുഖ്യമന്ത്രി പദം കൂടി ലക്ഷ്യമിടുന്നുണ്ട്.
ഹരിയാനയില്‍ മനോഹർലാല്‍ ഖട്ടാർ സർക്കാരിന് എതിരായ ജനവികാരമാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. എന്നാല്‍ സ്വന്തം പാളയത്തിലെ പടയും പോരും കോൺഗ്രസിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ബിജെപി സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നത് എക്സിറ്റ് പോൾ പ്രവചനങ്ങളാണ്. അതേസമയം, ഇരു സംസ്ഥാനങ്ങളിലും യുപിഎ തകർന്നടിയുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സർവേ മാത്രമാണ് കോൺഗ്രസിന് നേരിയ പ്രതീക്ഷ നല്‍കി ഹരിയാനയില്‍ തൂക്കുസഭ പ്രവചിക്കുന്നത്.
288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 72 മുതൽ 90 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് ഇന്ത്യ ടുഡേ പ്രവചിച്ചത്. 166 മുതൽ 194 വരെ സീറ്റുകള്‍ ബിജെപി- ശിവസേന സഖ്യം നേടുമെന്നും സർവേയിൽ പറയുന്നു. ടിവി 9 പ്രഖ്യാപിച്ച എക്സിറ്റ് പോള്‍ ഫലത്തിലും ബിജെപിക്കാണ് മുൻതൂക്കം. ബിജെപി- ശിവസേന സഖ്യത്തിന് 197 സീറ്റും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 75 സീറ്റം ടിവി 9 വിധിയെഴുതുന്നു. കോണ്‍ഗ്രസ് 48 സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് പറയുന്ന ടൈംസ് നൗ ബിജെപി സഖ്യത്തിന് 230 സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു. ജന്‍ കി ബാത് , റിപബ്ലിക് ടിവി , എൻഡി ടിവി സർവേകളും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മൂന്നക്കം തൊടില്ലന്ന് വ്യക്തമാക്കുന്നു.
ഹരിയാനയില്‍ ആകെയുള്ള 90 സീറ്റുകളിൽ 32 മുതൽ 44 വരെ സീറ്റുകളാണ് ബിജെപിക്ക് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. കോൺഗ്രസ് 30 മുതൽ 42 വരെ സീറ്റുകൾ നേടുമെന്നും ഇന്ത്യ ടുഡേ വിലയിരുത്തുന്നു. 71 സീറ്റുകള്‍ നേടി ഹരിയാന ബിജെപി തൂത്തുവാരുമെന്നാണ് ന്യൂസ് എക്സിന്‍റെ പ്രവചനം. ബിജെപിക്ക് 69 ഉം കോണ്‍ഗ്രസിന് 11 മാണ് ടിവി 9 പ്രവചിക്കുന്നത്. 90 ൽ 75 സീറ്റുകളും ബിജെപി സ്വന്തമാക്കുമെന്നാണ് ന്യൂസ് 18 ന്‍റെ വിലയിരുത്തൽ. ജന്‍ കി ബാത് , എന്‍ഡിടിവി, റിപബ്ലിക് ടിവി ഫലങ്ങളും 50 ന് മുകളിൽ സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുന്നു.

ABOUT THE AUTHOR

...view details