സിൽചർ: അസമിലെ കച്ചാർ ജില്ലയിലെ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചിലധികം പേർക്ക് പരിക്കേറ്റു. അസമിലെ കാച്ചാർ ജില്ലയിലെ ലിലബാരി ഏരിയയിലും മിസോറാമിലെ കോലാസിബ് ജില്ലയിലെ വൈറെങ്‌റ്റെയിലെയും ഭൂമി മിസോറാം വിഭാഗം കൈവശപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷം. കഴിഞ്ഞയാഴ്ച കരീംഗഞ്ച് (അസം), മാമിറ്റ് (മിസോറം) ജില്ലകൾ തമ്മിൽ അസം-മിസോറാം അതിർത്തിയിൽ സമാനമായ പ്രശ്നം നടന്നിരുന്നു. അതേസമയം, പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിയിലെ തർക്ക ഭാഗത്ത് ലൈലാപൂർ നിവാസികൾ നിർമിച്ച കുടിലുകൾ മിസോറം ഭാഗത്തുനിന്ന് ചിലർ കത്തിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
അസം-മിസോറാം അതിർത്തി സംഘർഷം; അഞ്ചിലധികം പേർക്ക് പരിക്ക്
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിയിലെ തർക്ക ഭാഗത്ത് ലൈലാപൂർ നിവാസികൾ നിർമിച്ച കുടിലുകൾ മിസോറം ഭാഗത്തുനിന്ന് ചിലർ കത്തിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ തുടങ്ങിയത്
അസം വനം-പരിസ്ഥിതി മന്ത്രി പരിമൽ സുക്ലബൈദ്യയും മുതിർന്ന ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഞായറാഴ്ച സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ അവലോകനം ചെയ്തു. എല്ലാവരോടും സംയമനം പാലിക്കണമെന്നും താമസക്കാർക്ക് സംസ്ഥാന സർക്കാർ ആവശ്യമായ സുരക്ഷ നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. മുൻ മന്ത്രി സിദ്ദിഖ് അഹമ്മദ്, ഐഎൻസി വനിതാ വിഭാഗം പ്രസിഡന്‍റും സിൽചാർ മുൻ എംപിയുമായ സുസ്മിത ദേവ് എന്നിവരും സ്ഥലം സന്ദർശിച്ചു. ഞായറാഴ്ച അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഓഫീസുകളിൽ വിളിച്ച് സ്ഥിതിഗതികൾ അറിയിച്ചു. മിസോറം മുഖ്യമന്ത്രി സോറാംതംഗയുമായി അദ്ദേഹം സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ഇരുവരും സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ദീർഘകാല അതിർത്തി തർക്കം പരിഹരിക്കാൻ അസമും മിസോറാമും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തും. അസമും മിസോറാമും 165 കിലോമീറ്റർ നീളമുള്ള അതിർത്തി പങ്കിടുന്നു.