ഗുവാഹട്ടി (അസം): ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) നിന്നും പുറത്തായവര്‍ അദാലത്തുകള്‍ക്കും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായി ചെലവഴിച്ചത് 7836 കോടിയെന്ന് പഠന റിപ്പോര്‍ട്ട്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാള്‍ മാത്രം 19065 രൂപ ചെലവഴിച്ചെന്നാണ് കണ്ടെത്തല്‍. നിലവില്‍ 41,10,169 ആളുകളാണ് പൗരത്വ രജിസ്റ്ററിന് പുറത്തുള്ളത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാത്ത വിധത്തില്‍ പലരുടെയും സാമ്പത്തിക നില തകര്‍ന്നിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൈസ് ആന്‍റ് റിസ്ക് അനാലിസിസ് ഗ്രൂപ്പാണ് (ആര്‍ആര്‍എജി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായി മാറിയിരിക്കുന്നുവെന്ന് ആര്‍ആര്‍എജി ചെയര്‍മാന്‍ സുഹാസ് ചക്‌മ പറഞ്ഞു.
എന്‍ആര്‍സി; ഇന്ത്യക്കാരെന്ന് തെളിയിക്കാന്‍ ചെലവ് 7836 കോടി
ഒരാള്‍ മാത്രം ചെലവഴിക്കുന്നത് 19065 രൂപ. പൗരത്വ രജിസ്റ്ററിന് പുറത്ത് 41,10,169 പേര്‍.
അസമിലെ ബക്സ, ഗോള്‍പാറ, കംറുപ് തുടങ്ങിയ ജില്ലകളില്‍ ജൂലൈ 17 മുതല്‍ 20 വരെയാണ് സര്‍വെ നടത്തിയത്. ധന മന്ത്രാലത്തിന്‍റെ കണക്കനുസരിച്ച് 2018 ല്‍ 67,620 രൂപയാണ് ജനങ്ങളുടെ വാര്‍ഷിക വരുമാനം. ഇതില്‍ നിന്നും 19065 രൂപ ഒരാള്‍ക്കായി മാത്രം ചെലവഴിക്കേണ്ടി വരുന്നു. പലരും കാലികളെ വിറ്റും കൃഷിസ്ഥലങ്ങള്‍ പണയപ്പെടുത്തിയും മറ്റുമാണ് പണം കണ്ടെത്തുന്നത്. ഇത് ജനങ്ങളെ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വന്തം കുടുംബത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാര്‍ ലിസ്റ്റില്‍ ഇടം നേടിയെങ്കിലും പുതിയ തലമുറ ഉള്‍പ്പെട്ടിട്ടില്ല. ബന്ധം തെളിയിക്കാനായി കുടുംബത്തിലെ മറ്റുള്ളവരും പരിശോധനക്ക് എത്തേണ്ടതുണ്ട്. ഇത് കൂടുതല്‍ പണം ചെലവാകാന്‍ കാരണമാകുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.