ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. 15 ജില്ലകളിലായി 1.96 ലക്ഷം ആളുകൾ ഇപ്പോഴും പ്രളയ ദുരന്തം അനുഭവിക്കുന്നുണ്ട്. അസം ഗവർണർ ജഗദീഷ് മുഖി സംസ്ഥാനത്തെ വെള്ളപ്പൊക്ക, മണ്ണൊലിപ്പ് നില അവലോകനം ചെയ്തു. തിങ്കളാഴ്ച ബാർപേട്ട, സൗത്ത് സൽമാര ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായതായും അതേസമയം, ദുരിത ബാധിതരുടെ എണ്ണം 1.93 ലക്ഷം കുറഞ്ഞതായും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി (എ.എസ്.ഡി.എം.എ) ബുള്ളറ്റിനിൽ പറഞ്ഞു.
ഞായറാഴ്ച 19 ജില്ലകൾ വെള്ളത്തിനടിയിലായി, 8.54 ലക്ഷം ആളുകൾ ദുരിതത്തിലായി. ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി സംസ്ഥാനത്ത് ഇതുവരെ 136 പേർ മരിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ജില്ലയായി ഗോൾപാറ തുടരുന്നു. 1.05 ലക്ഷത്തോളം ആളുകൾ ഇവിടെ ദുരിത ബാധിതരായി. മോറിഗാവി 28,126, ബക്സയും 15000 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 325 ഗ്രാമങ്ങളും 23,592 ഹെക്ടർ വിളനിലങ്ങളും വെള്ളത്തിനടിയിലായി.