ഇറ്റാനഗർ:മാർച്ച് 31 വരെ അരുണാചൽപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാ അവശ്യ സേവനങ്ങളും ഈ കാലയളവിൽ ലഭ്യമാക്കുമെന്നും സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും ചീഫ് സെക്രട്ടറി നരേഷ് കുമാർ പറഞ്ഞു. ഷോപ്പുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഓഫീസുകൾ, ഫാക്‌ടറികൾ, വർക്ക് ഷോപ്പുകൾ എന്നിവ അടക്കും. ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
ഭക്ഷ്യധാന്യങ്ങൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മാംസം, മത്സ്യം, റൊട്ടി, പാൽ എന്നിവ ലഭ്യമാക്കും. കോടതി, ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഡ്യൂട്ടിയിലുള്ള മറ്റ് സർക്കാർ ഏജൻസികൾ, പൊലീസ്, സായുധ സേന, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കും.
പരിഭ്രാന്തരാകരുതെന്ന് ചീഫ് സെക്രട്ടറി ജനങ്ങളോട് അഭ്യർഥിച്ചു. കുറഞ്ഞത് 45 ദിവസമെങ്കിലും നിലനിൽക്കുന്ന അവശ്യവസ്‌തുക്കൾ സംസ്ഥാനത്ത് ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. ലോക്ക്ഡൗൺ നടപ്പാക്കുന്ന തുടർനടപടികൾക്കായി ഓരോ ജില്ലയിലും മുതിർന്ന ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്.
നേരത്തെ ഇന്തോ-മ്യാൻമർ അതിർത്തിയിലെ ചാങ്‌ലാങ് ജില്ലയിലെ നാംപോങ്ങിൽ പ്രതിവാര വിപണികൾ നിർത്തിവച്ചിരുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സർക്കാർ കർശന ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
അതേസമയം സ്വകാര്യ കമ്പനികളിലെ ജീവനക്കാർ പൂർണ ശമ്പളത്തോടെ വീട്ടിൽ തന്നെ തുടരാനും അദ്ദേഹം നിർദേശിച്ചു.