ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് പിന്തുണയുമായി ധനമന്ത്രി അരുൺ ജയ്‌റ്റ്ലി. മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മോദിയുടെ വാദങ്ങള്‍ ആവര്‍ത്തിച്ചുള്ള ജയ്റ്റ്ലിയുടെ പ്രതികരണം. രാഹുലിനെ നാടുവാഴി എന്ന് പരിഹസിച്ചാണ് ജയ്റ്റ്ലിയുടെ ട്വീറ്റുകള്‍ ആരംഭിക്കുന്നത്.
രാജീവ് ഗാന്ധി സര്‍ക്കാരിന്‍റെ സത്യസന്ധതയെക്കുറിച്ച് ചോദ്യം ഉയരുമ്പോള്‍ രാഹുല്‍ എന്തിന് അസ്വസ്ഥനാകണം. ഒട്ടോവിയോ ക്വൊത്റോച്ചിക്ക് ബൊഫോഴ്‌സില്‍ തിരിച്ചടി നേരിടുന്നത് എന്തു കൊണ്ടാണെന്നും ജയ്റ്റ്‌ലി ചോദിക്കുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയും രൂക്ഷമായ ആക്രമണമാണ് ജയ്റ്റ്ലി നടത്തുന്നത്.
രാഹുലിനെതിരായ ട്വീറ്റിന്‍റെ പൂർണരൂപം ഇങ്ങനെ:
''അത്യന്തം നീതിമാനായ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യസന്ധതയെ നാടുവാഴിക്ക് ആക്രമിക്കാം. രാജപരമ്പര ഒരു ചോദ്യത്തിനും ഉത്തരം പറയേണ്ട ആവശ്യമില്ലെന്നാണോ അദ്ദേഹം കരുതുന്നത്? ഇന്ദിരാ ഗാന്ധിയും കൊല്ലപ്പെട്ടതാണ്. എന്നാലും അടിയന്തരാവസ്ഥയുടെയും ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്‍റെയും പേരില്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്." ജയ്റ്റ്‌ലി ട്വീറ്റില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കടന്നാക്രമിച്ചു കൊണ്ടുള്ള ട്വീറ്റ്:
ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ രാഷ്ട്രീയക്കാരനാകുമ്പോള്‍ അയാള്‍ക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ബോധ്യം നഷ്ടപ്പെടും. മന്‍മോഹന്‍ സിംഗ് പാര്‍ലമെന്‍റില്‍ സ്വന്തം പാര്‍ട്ടിയെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയിലെത്തിച്ചു. ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെ ദുരന്തമായാണ് അദ്ദേഹം കണക്കാക്കുന്നത്.''
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മോദി മാനസിക രോഗിയേപ്പോലെ പെരുമാറുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ശരദ് യാദവ് തുടങ്ങിയവരും മോദിക്കെതിരെ രംഗത്തെത്തിയിരുന്നു.