അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍ എടിഎം തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്ന പ്രതിയെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാർഡ് ക്ലോണിങ് രീതി ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് വൻതോതിൽ പണം മോഷ്‌ടിച്ച കേസിലെ പ്രതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഷന്ത ഘോഷ് എന്നയാളെ വെള്ളിയാഴ്‌ചയാണ് ലങ്കാമുരയിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ത്രിപുരയില്‍ എടിഎം തട്ടിപ്പ് പ്രതി ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍
പൊലീസ് പീഡനത്തെ തുടര്‍ന്നാണ് സുഷന്ത് ഘോഷ് മരിച്ചതെന്ന പരാതിയുമായി ഇയാളുടെ പിതാവ് രംഗത്തെത്തി. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഉത്തരവിട്ടിട്ടുണ്ട്
ഇയാൾ പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് ശനിയാഴ്‌ച അര്‍ധരാത്രി ആത്മഹത്യ ചെയ്‌തതാണെന്ന് വെസ്റ്റ് അഗർത്തല പൊലീസ് അറിയിച്ചു. എന്നാല്‍ പൊലീസ് പീഡനത്തെ തുടര്‍ന്നാണ് സുഷന്ത് ഘോഷ് മരിച്ചതെന്ന് ഇയാളുടെ പിതാവ് പരിമൾ ഘോഷ് പരാതിപ്പെട്ടു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഉത്തരവിട്ടു. എടിഎമ്മുകളില്‍ നിന്ന് വൻതോതില്‍ പണം മോഷ്‌ടിച്ച രണ്ട് തുര്‍ക്കി പൗരൻമാരെയും രണ്ട് ബംഗ്ലാദേശ് പൗരൻമാരെയും അഗര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കാർഡ് ക്ലോണിങ് രീതി ഉപയോഗിച്ചാണ് ഇവര്‍ എടിഎമ്മില്‍ നിന്ന് ലക്ഷക്കണക്കിന് തുക തട്ടിയെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ 80 ബാങ്കുകളില്‍ നിന്നായി 50 ലക്ഷം രൂപയോളം ഇവര്‍ തട്ടിയെടുത്തതായാണ് വിവരം.