ഗുവാഹത്തി: അസമില്‍ എണ്ണക്കിണറിലെ ചോര്‍ച്ചയും തീയും നിയന്ത്രിക്കാനായി സൈന്യം പാലം നിര്‍മിക്കുന്നു. എണ്ണക്കിണറിലെ ചോര്‍ച്ചയും തീയും നിയന്ത്രിക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി ജലാശയത്തിന് മുകളിലൂടെ 150 മീറ്റര്‍ നീളമുള്ള പാലം സൈന്യം നിർമിക്കും.
ടിന്‍സുകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണ കിണറിലാണ് തീപിടിത്തവും ചോര്‍ച്ചയുമുണ്ടായത്. കിണറിനോട് ചേര്‍ന്നുള്ള ജലാശയത്തിന്‍റെ മുകളില്‍ പാലം നിര്‍മിക്കാന്‍ സൈന്യത്തോട് ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഭാസ്‌കര്‍ പെഗുവാണ് അഭ്യര്‍ഥിച്ചത്. മിസമാരിയിലെ ആര്‍മി ബേസില്‍ നിന്ന് 17 ട്രക്ക് നിര്‍മാണ സാമഗ്രികളാണ് ആര്‍മി സ്ഥലത്തെത്തിച്ചത്.
ഗുവാഹത്തിയില്‍ നിന്നും 550 കിലോമീറ്റര്‍ അകലെ ബാഗ്‌ജാനിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ എണ്ണ കിണറിലാണ് മെയ് 27ന് വാതക ചോര്‍ച്ചയുണ്ടായത്. തുടര്‍ന്ന് ജൂണ്‍ 9ന് ഇവിടെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സിംഗപ്പൂരില്‍ നിന്നുള്ള വിദഗ്‌ധരും, ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ, എന്‍ഡിആര്‍എഫ് എഞ്ചിനീയര്‍മാരും തീയും വാതക, എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്.
പ്രദേശവാസികളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും ഉപരോധം മൂലം ഓയില്‍ ഇന്ത്യക്ക് നഷ്‌ടമായത് 6132 ടണ്‍ ക്രൂഡ് ഓയില്‍ ഉല്‍പാദനവും ദിവസേന 7.97മില്യണ്‍ മെട്രിക് സ്റ്റാന്‍റേര്‍ഡ് ക്യുബിക് മീറ്റര്‍ പ്രകൃതിവാതകവുമാണ്. ഉയര്‍ന്ന നഷ്‌ടപരിഹാരമാണ് പ്രതിഷേധക്കാര്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിനോട് ആവശ്യപ്പെടുന്നത്. ദുരന്ത ബാധിതര്‍ക്ക് 30,000 രൂപ വീതമാണ് ഒഐഎല്‍ ഇതുവരെ നല്‍കിയത്. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. അപകടത്തോടനുബന്ധിച്ച് 7000 പേരെയാണ് 14 ക്യാമ്പുകളിലേക്കായി പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്. 35 വീടുകളാണ് തീപിടിത്തത്തില്‍ നശിച്ചത്.
പെട്രോളിയം ആന്‍റ് ഗ്യാസ് വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവള്‍, മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവര്‍ ഞായാറാഴ്‌ച സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് നഷ്‌ട പരിഹാരം നല്‍കുമെന്നും അടിയന്തര നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും ഇവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. സമീപത്തെ പ്രശസ്‌തമായ തടാകം, വിളനിലങ്ങള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവിടങ്ങളെ ദുരന്തം ബാധിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. കാട്ടു കുതിരകൾക്ക് പേരുകേട്ട ദിബ്രു-സൈഖോവ ദേശീയ ഉദ്യാനം എണ്ണ കിണറില്‍ നിന്ന് രണ്ട് കിലോമീറ്റർ അകലെയായതിനാൽ പരിസ്ഥിതി പ്രവർത്തകരും വന്യജീവി പ്രവർത്തകരും ആശങ്കാകുലരാണ്.