കശ്‌മീർ താഴ്‌വരയില്‍ പ്രഥമ സന്ദർശനം നടത്തി പുതിയ കരസേനാ മേധാവി - ജമ്മു കശ്‌മീരിൽ ആദ്യ സന്ദർശനത്തിനെത്തി പുതിയ കരസേനാ മേധാവി
ഇന്ന് ഉദാംപൂരിലെ നോർത്തേൺ കമാൻഡിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് പുതുതായി ചുമതലയേറ്റ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ എത്തിയത്

ജമ്മു :നിലവിലുള്ള സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനായി ജമ്മുവിലും കശ്‌മീരിലും രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി പുതുതായി ചുമതലയേറ്റ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. ഇന്നലെയാണ് നരവാനെ കശ്‌മീരിലെത്തിയത്. ജനുവരി ഒന്നിന് കരസേനാ മേധാവിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ താഴ്‌വരയിലെആദ്യ സന്ദർശനമാണിത്. ഇന്ന് ഉദാംപൂരിലെ നോർത്തേൺ കമാൻഡിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിന്‍റെ ഭാഗമായി ലഫ്റ്റനന്‍റ് ഗവർണർ ജി സി മുർമുവിനെ കാണുമെന്നും നിയന്ത്രണ രേഖാ പ്രദേശങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ നാഗ്രോട്ടയിലെ സൈനികത്താവളവും സന്ദർശിച്ചേക്കും.