ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിന് സൈന്യം പൂർണ പിന്തുണ നല്‍കുന്നുണ്ടെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറന്‍റൈൻ സൗകര്യങ്ങൾക്ക് അടക്കം സൈന്യം സഹായം ചെയ്യുന്നുണ്ട്. കൊവിഡ് വൈറസിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യൻ സൈന്യം നിലവിലെ ഉത്തരവാദിത്വത്തിനപ്പുറം പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പ്രതിരോധ ഉദ്യോഗസ്ഥർ എല്ലാ വെല്ലുവിളികളെയും നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളില്‍ സർക്കാരിനെ പിന്തുണയ്ക്കുമെന്നും അടിയന്തര പരിചരണം ആവശ്യമുള്ളവർക്കായി പ്രത്യേക മെഡിക്കല്‍ കെയർ സെന്‍ററുകൾ തയ്യാറാക്കുന്നതിനും ക്വാറന്‍റൈനും ഐസൊലേഷനും പോലുള്ള എല്ലാവിധ മെഡിക്കല്‍ സേവനങ്ങളും സേന ഉറപ്പ് വരുത്തുമെന്നും സിഡിഎസ് പറഞ്ഞു.