റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 20 ശതമാനം ഓഹരി അരാംകോ ഏറ്റെടുക്കും
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിതെന്ന് മുകേഷ് അംബാനി അറിയിച്ചു
മുംബൈ:സൗദി എണ്ണക്കമ്പനിയായ അരാംകോ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓയിൽ റിഫൈനറി, കെമിക്കൽ ബിസിനസിൽ 20 ശതമാനം ഓഹരി ഏറ്റെടുക്കാൻ സമ്മതിച്ചതായി മുകേഷ് അംബാനി അറിയിച്ചു. 75 ബില്യൺ യുഎസ് ഡോളറിന്‍റെ ഓഹരികള്‍ (ഏകദേശം 5,32,466 കോടി രൂപ) ആണ് അരാംകോ ഏറ്റെടുക്കുക. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിതെന്നും റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 42-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി അറിയിച്ചു. ഇതിന്‍റെ ഭാഗമായി സൗദി അരാംകോ ഗുജറാത്തിലെ ജാംനഗറിലെ റിലയൻസിന്‍റെ ഇരട്ട റിഫൈനറികൾക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 25 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണ വിതരണം ചെയ്യും. ലോകത്തെ അതിവേഗം വളരുന്ന ഇന്ധന വിപണിയാണ് സൗദിയുടേത്. ഇന്ത്യയിൽ ഇന്ധനം റീട്ടെയിൽ ചെയ്യുന്നതിനും സൗദി അരാംകോ ഇതിലൂടെ പദ്ധതിയിടുന്നുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നതിനുള്ള അടിത്തറയുണ്ടാക്കാൻ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ സൗദിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.