പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കരസേന മേധാവി
അനുചിതമായ ദിശകളിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ എന്ന് ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത്
ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനെതിരെ കരസേനാ മേധാവി ബിപിൻ റാവത്ത്. അക്രമം നടത്താൻ നേതൃത്വം നല്‍കുന്നവരല്ല യഥാർഥ നേതാക്കൾ. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർഥികൾക്കിടയിലും നടക്കുന്ന പ്രക്ഷോഭങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നത്. ഇതല്ല നേതൃത്വം. ജനത്തെ നയിക്കുന്നവരാണ് യഥാർഥ നേതാക്കൾ. നിങ്ങൾ മുന്നോട്ട് നടക്കുമ്പോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പം വരും. അതത്ര ലളിതമല്ല, വളരെ സങ്കീർണമായ കാര്യമാണെന്നും ആരോഗ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ ബിപിൻ റാവത്ത് പറഞ്ഞു.
പാർലമെന്‍റിലെ ഇരുസഭകളും ഈ മാസം ആദ്യം പൗരത്വ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കിയതിനാല്‍ രാജ്യമെങ്ങും പ്രതിഷേധമാണെന്ന് കരസേനാ മേധാവി പറഞ്ഞു. ഉത്തർപ്രദേശിലും കർണാടകയിലും നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ആൾക്കൂട്ടങ്ങൾക്കിടയില്‍ നിന്ന് നേതാക്കൾ ഉയർന്നു വരുന്നു. ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർഥ നേതാക്കൾ. അനുചിതമായ ദിശകളിലേക്ക് ആളുകളെ നയിക്കുന്നവകരല്ല നേതാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.