നല്‍ബാരി (അസം): ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധങ്ങള്‍ അസമില്‍ ശക്‌തമാകുമ്പോള്‍ പുതിയൊരു സംഭവംകൂടി സംസ്ഥാനത്തു നിന്നു പുറത്തു വരുകയാണ്. ഇന്ത്യന്‍ പൗരത്വം ലഭിക്കാത്തതിനാല്‍ വിദേശിയെന്ന് മുദ്രകുത്തി പ്രത്യേക ക്യാമ്പിലാക്കിയ 70 കാരനായ ഫലു ദാസ് എന്നയാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മൃതദേഹം സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറായിട്ടില്ല. വിദേശിയെന്ന് മുദ്രകുത്തിയ ആളുടെ മൃതദേഹം സ്വീകരിക്കണമെങ്കില്‍ മരിച്ച ഫലു ദാസിനെ ഇന്ത്യക്കാരനായി പ്രഖ്യാപിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അല്ലാത്ത പക്ഷം മൃതദേഹം ബംഗ്ലാദേശിലേക്ക് അയച്ചോളു എന്നും ബന്ധുക്കള്‍ പറഞ്ഞു. കുടുംബത്തിലെ മറ്റ് ചില അംഗങ്ങളുടെ പേരും പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ല. ഫലു ദാസിനൊപ്പം തങ്ങളുടെ പേരും രജിസ്റ്ററിള്‍ ഉള്‍പ്പെടുത്തണമെന്നും തങ്ങളെ ക്യാമ്പിലേക്ക് അയക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം .
ഇന്ത്യന്‍ പൗരത്വമില്ലാത്ത വൃദ്ധന്‍റെ മൃതദേഹം സ്വീകരിക്കാതെ ബന്ധുക്കള്‍ - ദേശീയ പൗരത്വ രജിസ്റ്റര്‍
അസാമില്‍ വേണ്ട രേഖകളില്ലാത്തതിനാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാത്തവരെ താമസിപ്പിക്കുന്ന ക്യമ്പിലുണ്ടായിരുന്ന ഫലു ദാസ് എന്നയാളാണ് മരിച്ചത്. അദ്ദേഹത്തെ ഇന്ത്യന്‍ പൗരനാക്കി പ്രഖ്യാപിക്കാതെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 11നാണ് ദാസിനെ ആശുപത്രിയിലാക്കിയത്. തുടര്‍ന്ന് ഏതാനും ദിവസം ചികില്‍സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ദാസിന്‍റെ ആരോഗ്യനില മോശമായതിനെക്കുറിച്ചോ. അദ്ദേഹത്തെ ആശുപത്രിയിലാക്കിയതിനെക്കുറിച്ചോ തങ്ങളെ ആരും വിവരമറിയിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
ഫലു ദാസ് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിട്ടും അരും പരിഗണിച്ചില്ലെന്നും ദാസിന്‍റെ മകന്‍ ദുര്യാധന്‍ പറഞ്ഞു. കുടുംബത്തില്‍ അമ്മയുടെയും രണ്ട് അനുജത്തിമാരും പേര് മാത്രമാണ് പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ദുര്യോധനും സഹോദരനും രണ്ട് അനുജത്തിമാരും ഇപ്പോഴും പട്ടികയ്‌ക്ക് പുറത്താണ്. കോടതിയില്‍ പോയി പൗരത്വം നേടിയെടുക്കാനുള്ള പണമൊന്നും തങ്ങളുടെ കയ്യിലില്ലെന്ന് പറഞ്ഞ ദുര്യോധന്‍ സര്‍ക്കാര്‍ തന്നെ തങ്ങളെ ഇന്ത്യക്കാരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിന് മുമ്പും സമാനമായ സംഭവം സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ക്യാമ്പിലിരിക്കെ മരിച്ച അലിസിംഗ ഗ്രാമത്തിലുള്ള ദുലാല്‍ ചന്ദ്ര പോള്‍ എന്ന 65 കാരന്‍റെ മൃതദേഹം സ്വീകരിക്കാനും കുടുംബാംഗങ്ങള്‍ തയാറായിരുന്നില്ല. വേണ്ട രേഖകളില്ലാത്തതിനാല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാത്തവരെ താമസിപ്പിക്കാന്‍ 6 ക്യാമ്പുകളാണ് സംസ്ഥാനത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ളത്.