അമരാവതി: ഹൈക്കോടതിയുടെ തീരുമാനങ്ങൾക്കെതിരെ അഭിപ്രായം പറഞ്ഞ വൈഎസ്ആർസിപി എംപി നന്ദിഗാം സുരേഷ്, മുൻ എംഎൽഎ അമാഞ്ചി കൃഷ്ണ മോഹൻ എന്നിവരുൾപ്പെടെ 49 പേർക്ക് ആന്ധ്ര ഹൈക്കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയുടെ തീരുമാനങ്ങൾക്കെതിരെ വൈഎസ്ആർസിപി നേതാക്കൾ സമൂഹമാധ്യമങ്ങളിലും മറ്റുമായി അഭിപ്രായങ്ങൾ പറയുന്നുവെന്ന വിഷയം ഹൈക്കോടതി അഭിഭാഷകൻ ലക്ഷ്മി നാരായണനാണ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ജഡ്‌ജിമാർക്കും നീതിന്യായവ്യവസ്‌ഥക്കെതിരെയും പരാമർശം നടത്തിയെന്ന് ബോധ്യമായ ഹൈക്കോടതി 49 പേർക്കെതിരെയും നോട്ടീസ് അയക്കുകയായിരുന്നു.
ആന്ധ്രാ ഹൈക്കോടതിയുടെ തീരുമാനങ്ങളെ ആക്ഷേപിച്ച വൈഎസ്ആർസിപി നേതാക്കൾക്കെതിരെ നോട്ടീസ്
സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടുത്തണമെന്ന തീരുമാനത്തെയും കൊവിഡ് പ്രതിരോധ, സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ലെന്ന് പറഞ്ഞതിന് ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌ത നടപടിയെയും ഹൈക്കോടതി എതിർത്തിരുന്നു. ഇതിനെതിരെയാണ് ഭരണപാർട്ടി കൂടിയായ വൈഎസ്ആർസിപി നേതാക്കൾ പരാമർശം നടത്തിയത്
വൈഎസ്ആർസിപിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ നിരവധി വിഷയങ്ങളിൽ ഹൈക്കോടതിയിൽ നിന്ന് വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഇതിനു പുറമെ, ആവശ്യത്തിന് കൊവിഡ് പ്രതിരോധ, സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ലെന്ന് വീഡിയോയിലൂടെ തുറന്നുപറഞ്ഞതിന് സർക്കാർ ആശുപത്രിയിലെ ഡോ. സുധാകറിനെ സസ്‌പെൻഡ് ചെയ്‌ത നടപടിയെയും ആന്ധ്ര ഹൈക്കോടതി ചോദ്യം ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. എന്നാൽ, കോടതിയുടെ ഈ തീരുമാനത്തെ ചില വൈഎസ്ആർസിപി നേതാക്കൾ വിമർശിക്കുകയും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തതിനാണ് കോടതി നോട്ടീസ് അയച്ചത്.