അമരാവതി: ആന്ധ്രയില്‍ അജ്ഞാത രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ രക്തസാമ്പിളുകളില്‍ ലോഹാംശം കണ്ടെത്തി. നൂറിലധികം രോഗികളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിക്കലിന്‍റെയും ലെഡ്ഡിന്‍റെയും സാന്നിധ്യം വിദഗ്ധര്‍ കണ്ടെത്തിയത്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അതേസമയം രോഗികളുടെ ശരീരത്തില്‍ എങ്ങനെയാണ് ലോഹാംശം എത്തിയതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി.
ആന്ധ്രയിലെ അജ്ഞാത രോഗം, രോഗികളുടെ രക്തസാമ്പിളുകളില്‍ ലോഹാംശം കണ്ടെത്തി
നൂറിലധികം രോഗികളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിക്കലിന്‍റെയും ലെഡ്ഡിന്‍റെയും സാന്നിധ്യം വിദഗ്ധര്‍ കണ്ടെത്തിയത്
585 പേര്‍ക്ക് അജ്ഞാത രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്‌തിരുന്നു. ഏലൂരില്‍ നിന്നും ഡിസംബര്‍ ആറ് മുതല്‍ അജ്ഞാത രോഗം മൂലം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദ്യോഗസ്ഥർ രോഗികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിശദമായി അന്വേഷിച്ചു. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഡോക്‌ടർമാരുമായും ഉദ്യോഗസ്ഥരുമായും ആശുപത്രിയിലെ സ്ഥിതി അവലോകനം ചെയ്‌തിരുന്നു. രോഗബാധിതർക്ക് നൽകുന്ന ചികിത്സ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആശുപത്രി സന്ദർശിച്ചിരുന്നു.
502 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. രോഗികളില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ റിപ്പോര്‍ട്ട് നെഗറ്റീവായിരുന്നു. രോഗം ബാധിച്ചവര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യം കുടിവെള്ളത്തില്‍ നിന്നായിരിക്കാം രോഗം ബാധിച്ചത് എന്നായിരുന്നു നിഗമനം. പക്ഷെ മുന്‍സിപ്പാലിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കാത്തവര്‍ക്കും രോഗം പിടിപ്പെട്ടു. ഇതാണ് അധികൃതരെ ആശയകുഴപ്പത്തിലാക്കിയത്. രോഗം ബാധിച്ചവരില്‍ 70 പേര്‍ കുട്ടികളാണ്.