അമരാവതി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ജെസിബിയിൽ ശ്‌മശാനത്തിലെത്തിച്ചു. ശ്രീകാകുളം ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. പലസ നഗരസഭ തൊഴിലാളികളാണ് 72 വയസുകാരന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ജെസിബിയിൽ ശ്‌മശാനത്തിൽ എത്തിച്ചത്. നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെ ഇത്തരത്തിൽ മൃതദേഹം കൈകാര്യം ചെയ്യുന്നത് മനുഷ്യത്വരഹിതമാണെന്ന് മരിച്ചയാളുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പലസ മുൻസിപ്പൽ കമ്മീഷണർ സി. നാഗേന്ദ്ര കുമാറിനെയും സാനിറ്ററി ഇൻസ്പെക്‌ടർ എൻ. രാജീവിനെയും ജില്ലാ കലക്‌ടർ ജെ. നവാസ് സസ്‌പെൻഡ് ചെയ്‌തു.
ആന്ധ്രയിൽ കൊവിഡ് രോഗിയുടെ മൃതദേഹം ജെസിബിയിൽ ശ്‌മശാനത്തിലെത്തിച്ചു; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെ മൃതദേഹം കൈകാര്യം ചെയ്യുന്നത് മനുഷ്യത്വരഹിതമാണെന്ന് മരിച്ചയാളുടെ ബന്ധുക്കൾ പറഞ്ഞു
നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വീട്ടിൽവച്ചാണ് മരിച്ചത്. ഇയാളുടെ പരിശോധനാഫലം മരിച്ച ദിവസമാണ് ലഭിച്ചത്. മൃതദേഹം നീക്കം ചെയ്യാൻ അയൽവാസികൾ നിർബന്ധിച്ചതുകൊണ്ടാണ് ബന്ധുക്കൾ നഗരസഭയെ വിവരമറിയിച്ചത്. പലസയിൽ കൊവിഡ് പ്രതിസന്ധി വളരെ രൂക്ഷമാണ്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ജെസിബികളിലും ട്രാക്‌ടറുകളിലും കൊണ്ടുപോകുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്‌ചയാണ്. രോഗികളുടെ മൃതദേഹങ്ങളെ ബഹുമാനിക്കണമെന്നും ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാന സർക്കാരിനോട് ലജ്ജ തോന്നുന്നുവെന്നും തെലുങ്കുദേശം പാർട്ടി (ടിഡിപി) തലവനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു വീഡിയോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. ശ്രീകാകുളം ഈ മാസം 24ന് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ട്രാക്‌ടറിൽ കൊണ്ടുപോയതും വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.