അമരാവതി: കനത്ത മഴയിലും വെള്ളക്കെട്ടിലും മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്ത് കനത്ത മഴയിൽ 19 പേർ മരിച്ചു, അതിൽ 14 കുടുംബങ്ങൾക്ക് ഇതിനകം ധനസഹായം ലഭിച്ചു. ബാക്കിയുള്ളവർക്ക് തുക ലഭ്യമാക്കാൻ മുഖ്യമന്ത്രി ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.
ആന്ധ്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം
സംസ്ഥാനത്ത് കനത്ത മഴയിൽ 19 പേർ മരിച്ചു, ഇതില്‍ 14 കുടുംബങ്ങൾക്ക് ഇതിനകം ധനസഹായം ലഭിച്ചു. ബാക്കിയുള്ളവർക്ക് തുക ലഭ്യമാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി
ചൊവ്വാഴ്ച ജില്ലാ കലക്ടർമാരുമായും ജോയിന്‍റ് കലക്ടർമാരുമായും വീഡിയോ കോൺഫറൻസ് നടത്തിയ മുഖ്യമന്ത്രി, മഴയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളോട് അനുകമ്പ കാണിക്കണമെന്ന് പറഞ്ഞു. 25 കിലോ അരി, ഒരു കിലോ എണ്ണ, പയർ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുൾപ്പെടെ ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും നൽകിക്കൊണ്ട് മാനുഷികമായ രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹം നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പുറപ്പെടുന്ന ഓരോ വ്യക്തിക്കും 500 രൂപ കൈമാറാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഹോർട്ടികൾച്ചർ വിളകൾ ഉൾപ്പെടെ ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 145 കോടി രൂപ സബ്‌സിഡി ക്രെഡിറ്റ് ചെയ്യും. ജോയിന്‍റ് കലക്ടർമാർക്കും മറ്റ് ജില്ലാ ഉദ്യോഗസ്ഥർക്കും ഒപ്പം ആഴ്ചയിൽ രണ്ടുതവണ ഗ്രാമ, വാർഡ് സെക്രട്ടേറിയറ്റുകൾ സന്ദർശിക്കാനും മുഖ്യമന്ത്രി ജില്ലാ കലക്ടർമാർക്ക് നിര്‍ദേശം നല്‍കി.