കൊല്‍ക്കത്ത: ഉംപുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവരുടെ എണ്ണം 85 ആയി. മൂന്ന് ദിവസത്തിനുശേഷവും സാധാരണ നില പുനസ്ഥാപിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് കൊൽക്കത്ത നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ റോഡ് ഉപരോധിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഉംപുൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തു.
ചുഴലിക്കാറ്റ് സംസ്ഥാനത്തെ 1.5 കോടി ജനങ്ങളെ നേരിട്ട് ബാധിച്ചതായും 10 ലക്ഷത്തിലധികം വീടുകൾ നശിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ വൈദ്യുതിയും മൊബൈൽ കണക്ഷനും പുനസ്ഥാപിച്ചു. എന്നാൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ള ഉത്തര, ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകളിലെ പ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല. കൊൽക്കത്തയിലെ നിരവധി റോഡുകളും വീടുകളും ഇപ്പോഴും വെള്ളക്കെട്ടില്‍ മുങ്ങിയ നിലയിലാണ്. ഭരണകൂടത്തിന്‍റെ നിസംഗതക്കെതിരെ നിരവധി പൗരന്മാരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. വൈദ്യുതിയും ജലവിതരണവും ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി മുതൽ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ ആളുകൾ പ്രതിഷേധ പ്രകടനങ്ങളും ഉപരോധങ്ങളും നടത്തി.