ഹൈദരാബാദ്: തെലങ്കാനയിലെ ടിആര്‍എസ് - എഐഎംഐഎം സഖ്യത്തില്‍ ജനങ്ങള്‍ അസംതൃപ്‌തരാണെന്നും ഹൈദരാബാദില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥി മേയറാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഹൈദരാബാദിലെത്തിയ അമിത് ഷാ ഓള്‍ഡ് സിറ്റിയിലെ ഭാഗ്യലക്ഷ്‌മി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.
നൈസാം സംസ്‌കാരത്തില്‍ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കുമെന്ന് അമിത് ഷാ
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി അമിത് ഷാ ഹൈദരാബാദിലെത്തി
ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണച്ചവരാണ് തെലങ്കാനയിലെ ജനങ്ങള്‍. ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് മാറ്റങ്ങള്‍ വന്ന് തുടങ്ങും. കഴിഞ്ഞ മഴയില്‍ വൻ വെള്ളക്കെട്ടാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായത്. സര്‍ക്കാരിന്‍റെ അനുമതിയോടെ നടക്കുന്ന കൈയേറ്റങ്ങളാണ് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണം. ഇതില്‍ ജനങ്ങള്‍ അസംതൃപ്‌തരാണ്. എഴ് ലക്ഷത്തോളം ജനങ്ങളുടെ വീടുകളിലാണ് വെള്ളം കയറിയത്. സര്‍ക്കാര്‍ അവരെ തിരിഞ്ഞു നോക്കിയില്ല. ബിജെപി എംപിമാരും പ്രവര്‍ത്തകരുമാണ് ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി എത്തിയത്. അടിസ്ഥാനപരമായ വികസനം പോലും ഹൈദരാബാദില്‍ നടക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിജെപിക്ക് ഒരു അവസരം തരണമെന്ന് അമിത് ഷാ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നൈസാം സംസ്‌കാരത്തില്‍ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. മോദിയുടെ നേതൃത്തില്‍ രാജ്യം മുഴുവൻ വികസനത്തിലേക്ക് കുതിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.