ചണ്ഡിഗഢ്: കൊവിഡിനെതിരായ ഇന്ത്യയുടെ വിജയകരമായ പോരാട്ടത്തെ ലോകം മുഴുവൻ പ്രശംസിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കദർപൂർ ഗ്രാമത്തിലെ സിആർപിഎഫ് ഓഫീസർമാരുടെ പരിശീലന അക്കാദമിയിൽ കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) മെഗാ ട്രീ പ്ലാന്‍റേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കൊവിഡ് പോരാട്ടത്തിലുള്ള സുരക്ഷാ സേനയുടെ സംഭാവനകളെയും അമിത് ഷാ പ്രശംസിച്ചു.
കൊവിഡ് പോരാട്ടത്തിൽ സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ - മെഗാ ട്രീ പ്ലാന്‍റേഷൻ
കേന്ദ്ര സായുധ പൊലീസ് സേനയുടെ മെഗാ ട്രീ പ്ലാന്‍റേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കൊവിഡ് പോരാട്ടത്തിലുള്ള സുരക്ഷാ സേനയുടെ സംഭാവനകളെയും അമിത് ഷാ പ്രശംസിച്ചു
ജനസംഖ്യ കൂടുതലുള്ള നമ്മുടെ രാജ്യം കൊവിഡിനെ എങ്ങനെ മറികടക്കുമെന്നതിനെപ്പറ്റി എല്ലാവരും ആശങ്കയിലായിരുന്നു. നമ്മുടെ രാജ്യം ഫലപ്രദമായ രീതിയിൽ ഈ മഹാമാരിയെ അഭിമുഖീകരിക്കുന്നത് എങ്ങനെയെന്നതിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. അതിൽ സുരക്ഷാ സേനയുടെ പ്രാധാന്യം ചെറുതല്ല. കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് വലിയൊരു സല്യൂട്ട് നൽകുന്നു. തീവ്രവാദത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ മാത്രമല്ല, വൈറസിന്‍റെ പിടിയിൽ നിന്നും രക്ഷിക്കാനാകുമെന്ന് സേന തെളിയിച്ചുകഴിഞ്ഞു. കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ട നിരവധി ജവന്മാർക്ക് അനുശോചനം അറിയിക്കുന്നതായും ഷാ കൂട്ടിച്ചേർത്തു. കൊവിഡിനെതിരെയുള്ള മനുഷ്യരാശിയുടെ പോരാട്ടത്തിന്‍റെ ചരിത്രം എഴുതുമ്പോൾ ഇന്ത്യൻ സുരക്ഷാ സേനയുടെ സംഭാവനയെ സുവർണ മഷിയിൽ തീർച്ചയായും പരാമർശിക്കും. മരം നടീൽ പദ്ധതിയെക്കുറിച്ചും ഷാ സംസാരിച്ചു. മരങ്ങൾ പൂർണ വളർച്ചയെത്തുന്നതു വരെ സംരക്ഷണം നൽകണമെന്നും, നട്ട മരത്തൈകളിൽ കൂടുതലും വളരെക്കാലം നിലനിൽക്കുകയും വരും തലമുറക്ക് താങ്ങാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്തുടനീളം പത്ത് ലക്ഷത്തോളം മരത്തൈകൾ നടാനാണ് സിഎപിഎഫിന്‍റെ ലക്ഷ്യം. ഗുരുഗ്രാമിൽ നടന്ന പരിപാടിയിൽ സിഎപിഎഫ് മേധാവികളും പ്രതിനിധികളും പങ്കെടുത്തു.