ഷിംല:ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാർഗിലിലേക്ക് ചരക്ക് എത്തിച്ച് ആയിരക്കണക്കിന് ഇന്ത്യൻ ആർമി വാഹനങ്ങൾ.ഞായറാഴ്ച വാഹനങ്ങൾ മണാലി-ലേ റോഡ് വഴി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലുള്ള കോൺവോയ് റോഹ്‌താങ് ചുരം കടന്നതായാണ് റിപ്പോര്‍ട്ടുകൾ. ഈ വഴിയിലൂടെ വാഹനങ്ങൾ ജമ്മു കശ്മീരിലൂടെ ലഡാക്കിലെ ലേയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) എത്തും.
ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് 20 ഇന്ത്യൻ സൈനികരാണ് രക്തസാക്ഷിത്വം വരിച്ചത്. യുദ്ധസാധ്യതകൾക്കിടയിൽ, പ്രകോപിതരായ ഇന്ത്യ ചൈനയുടെ ചരക്കുകൾ ബഹിഷ്‌കരിക്കുകയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ് പിങ്ങിനോട് അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രകോപിതരായ ജനങ്ങൾ ചൈനീസ് പ്രസിഡന്‍റിന്‍റെ കോലം കത്തിക്കുകയും ചൈന വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി തെരുവിലിറങ്ങുകയും ചെയ്തു.
തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഭാഷണങ്ങളിലൂടെ തർക്കം പരിഹരിക്കാൻ ഒന്നിലധികം തവണ ശ്രമങ്ങൾ ഉണ്ടായി.ഗാൽവാൻ നിലപാട് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു. ഉചിതമായ മറുപടി നൽകാൻ ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ശരിയായ സമയം വരുമ്പോൾ ചൈനയ്ക്ക് ഉത്തരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു.ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദർശിച്ച് അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തി. രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തുടര്‍ന്ന് ജവാൻമാരെ പ്രോത്സാഹിപ്പിക്കുകയും ഗാൽവാനിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.രണ്ട് ദിവസത്തെ ലേ പര്യടനത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കരസേനാംഗങ്ങളെ സന്ദർശിച്ചിരുന്നു. ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കവർന്നെടുക്കാനാവില്ലെന്ന് സൈനികരെ സന്ദശിച്ച ശേഷം അദ്ദേഹം പറഞ്ഞിരുന്നു.