കേരളം

kerala

ETV Bharat / bharat

കൊവിഡ് 19 നെതിരെ പോരാടാനുള്ള സാർക്ക് തന്ത്രം; പ്രതീക്ഷയുമായി പ്രധാന മന്ത്രി - PM Modi hopes for SAARC strategy to fight Corona Virus

ഉച്ചകോടി സമ്മേളനം മരവിച്ചിരിക്കുന്ന ഈ വേളയിൽ സാര്‍ക് തന്ത്രം കൊറോണ വൈറസിനെതിരെ പോരാടുവാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രതീക്ഷിക്കുന്നു.

Amid summit meet freeze  PM Modi hopes for SAARC strategy to fight Corona Virus  കൊറോണ വൈറസിനെതിരെ പോരാടാനുള്ള സാർക്ക് തന്ത്രം; പ്രതീക്ഷയുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി
കൊറോണ വൈറസിനെതിരെ പോരാടാനുള്ള സാർക്ക് തന്ത്രം; പ്രതീക്ഷയുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി

By

Published : Mar 14, 2020, 11:37 PM IST

സാര്‍ക് പ്രസ്ഥാനം തീര്‍ത്തും മരവിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ്19 മഹാമാരി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ വീണ്ടും സജീവമാക്കുന്നതിനുള്ള, പ്രതിസന്ധിക്കിടയിലെ അവസരമായി മാറുമോ? 2016-ല്‍ ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക് ഉച്ചകോടി സമ്മേളനം ഉറിയിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഒരു കൂട്ട ബഹിഷ്‌കരണത്തിന് സാക്ഷ്യം വഹിച്ചു. അന്നു തൊട്ട് ശ്രീലങ്കയും നേപ്പാളും മാലി ദ്വീപും ഉന്നത തല രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു എങ്കിലും ഒരു ചര്‍ച്ച നടത്താനുള്ള അന്തരീക്ഷം സംജാതമായിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന ഇന്ത്യ , പാകിസ്ഥാന്‍ തങ്ങളുടെ മണ്ണില്‍ നിന്നും ഉണ്ടാകുന്ന ഭീകരതയെ തുടച്ചു നീക്കുവാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഇന്നിപ്പോള്‍ കോവിഡ്-19 മഹാമാരിയെ തടയുവാനുള്ള നിര്‍ണ്ണായക തീരുമാനങ്ങളുമായി ഇന്ത്യ മുന്നിട്ടിറങ്ങുമ്പോള്‍ പ്രധാനമന്ത്രി മോദി വീണ്ടും സാര്‍ക്കിലേക്കുള്ള ശ്രദ്ധ തിരിച്ചു കൊണ്ടു വന്നിരിക്കുന്നു. ആഗോള പൊതു ജനാരോഗ്യ വെല്ലുവിളി നേരിടുന്നതിനായി കൂട്ടായ ഒരു പ്രാദേശിക തന്ത്രം ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

“സാര്‍ക് രാജ്യങ്ങളിലെ നേതൃത്വം കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ശക്തമായ ഒരു തന്ത്രം ആവിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ പൗരന്മാരെ ആരോഗ്യവാന്മാരാക്കി സംരക്ഷിക്കുവാന്‍ ഒരു വീഡിയോ കോണ്‍ഫറന്‍സ് വഴി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. നമുക്ക് ഒരുമിച്ച് ലോകത്തിനു മുന്നില്‍ ഒരു മാതൃകയായി മാറികൊണ്ട് ആരോഗ്യമുള്ള ഒരു ഗ്രഹത്തിനായി സംഭാവന ചെയ്യാം''. പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ നിര്‍ദ്ദേശിച്ചതുപോലുള്ള ഒരു വീഡിയോ കോണ്‍ഫറന്‍സ് സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള പിന്നീടുള്ള നടപടികള്‍ ഒന്നും തന്നെ വിദേശ കാര്യ മന്ത്രാലയം എടുത്തിട്ടില്ലെന്ന് സ്രോതസ്സുകള്‍ പറയുന്നുവെങ്കിലും പ്രാദേശിക നേതാക്കള്‍ ഈ ആശയത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു.

“ഈ പ്രധാനപ്പെട്ട ശ്രമത്തിനു വേണ്ടി മുന്‍ കൈയ്യെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. കൂട്ടായ ശ്രമം ആവശ്യമാണ്, കോവിഡ്-19 വൈറസ് ബാധയെ തോല്‍പ്പിക്കുവാന്‍ ഈ നിര്‍ദ്ദേശത്തെ മാലി ദ്വീപ് സ്വാഗതം ചെയ്യുന്നു. അത്തരമൊരു പ്രാദേശിക ശ്രമത്തിന് സര്‍വ്വ പിന്തുണയും നല്‍കും.'' തന്‍റെ പ്രതികരണത്തിലൂടെ മാലി ദ്വീപ് പ്രസിഡന്‍റ്‌ ഇബ്രാഹിം സോലിഹ് പറഞ്ഞു.

“ഈ വലിയ മുന്‍ കൈയ്യെടുക്കലിന് നരേന്ദ്ര മോദിക്ക് നന്ദി. ലങ്ക ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണ്. ഞങ്ങളുടെ അറിവുകളും ഞങ്ങള്‍ നടത്തുന്ന ശ്രമങ്ങളും പങ്കു വെക്കുകയും സാര്‍ക്കിലെ മറ്റ് അംഗങ്ങളില്‍ നിന്ന് അറിവ് നേടുവാനും ഞങ്ങളൊരുക്കമാണ്. പരീക്ഷണത്തിന്‍റെ ഈ വേളയില്‍ നമ്മുടെ പൗരന്മാരെ സുരക്ഷിതമാക്കുവാന്‍ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം.'' ശ്രീലങ്ക പ്രസിഡന്‍റ്‌ ഗോതബായ രാജപക്‌സെ ട്വീറ്റ് ചെയ്തു. ഈ വര്‍ഷം സാര്‍ക്കിന്‍റെ ജനറല്‍ സെക്രട്ടറിയായി ശ്രീലങ്കന്‍ നയ തന്ത്ര പ്രതിനിധിയാണ് അധികാരമേറ്റെടുത്തതെങ്കിലും കൊളംബോയുമായി നടന്ന ഔദ്യോഗിക ചര്‍ച്ചകളില്‍ ഒന്നും തന്നെ ഈ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനുള്ള യാതൊരു താല്‍പ്പര്യവും ഇന്ത്യ പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 2014 നവംബറില്‍ കാഠ്‌മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടി സമ്മേളന സമയത്ത് ഒരു ഉപ-പ്രാദേശികതയെ കുറിച്ച് ഊന്നി പറഞ്ഞ പ്രധാനമന്ത്രി മോദി, മുന്നോട്ടുള്ള പോക്കിനായി ഒരു ബദല്‍ പ്രാദേശിക ഫോറം എന്ന നിലക്ക് ബിബിഐഎംസിടിഇസി (ദി ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്‌ടോറല്‍ ടെക്‌നിക്കല്‍ ആന്‍റ് ഇക്കണോമിക് കോ-ഓപ്പറേഷന്‍) ക്കു വേണ്ടി കാര്യമായി ശ്രമങ്ങള്‍ നടത്തി. ഈ പ്രസ്ഥാനത്തില്‍ തായ്‌ലന്‍റും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഒഴിച്ചുള്ള മറ്റ് സാര്‍ക് രാജ്യങ്ങളായ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മാര്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നിങ്ങനെ 7 രാജ്യങ്ങളാണ് ഉണ്ടാവുക.

മോദിയുടെ നിര്‍ദ്ദേശങ്ങള്‍ക്കുള്ള പാകിസ്ഥാന്‍റെയും ബംഗ്ലാദേശിന്‍റെയും അഫ്ഗാനിസ്ഥാന്‍റെയും പ്രതികരണം ഇനിയും പ്രതീക്ഷിക്കപ്പെടുകയാണ് എങ്കിലും നേപ്പാളും ഭൂട്ടാനും കൂടി അതിനെ സ്വാഗതം ചെയ്തു. “പ്രധാനമന്ത്രി മോദി മുന്നോട്ട് വെച്ച ആശയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കൊറോണ വൈറസിനോട് പോരാടുവാന്‍ സാര്‍ക് രാജ്യങ്ങളിലെ നേതൃത്വം ഒരു ശക്തമായ തന്ത്രം ആവിഷ്‌കരിക്കണമെന്ന ആ നിര്‍ദ്ദേശം അംഗീകരിക്കുന്നു. നമ്മുടെ പൗരന്മാരെ ഈ മാരക രോഗത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ സാര്‍ക് രാജ്യങ്ങളുമായി അടുത്തിടപഴകി പ്രവര്‍ത്തിക്കുവാന്‍ എന്‍റെ സര്‍ക്കാര്‍ തയ്യാറാണ്''. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി ട്വീറ്റ് ചെയ്തു. "ഇതാണ് നേതൃത്വം എന്ന് നമ്മള്‍ പറയുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ഈ മേഖലയിലെ അംഗങ്ങളെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് ചേരേണ്ടതാണ്. ചെറിയ സമ്പദ് വ്യവസ്ഥകളേയാണ് ഇതേറെ ബാധിച്ചിരിക്കുന്നത്. അതിനാല്‍ നമ്മള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം. താങ്കളുടെ നേതൃത്വത്തില്‍ ഉടനടി ഒരു ഫലപ്രദമായ നീക്കം ഉണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. വീഡിയോ കോണ്‍ഫറന്‍സിനായി കാത്തിരിക്കുന്നു.'' ഭൂട്ടാന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അടുത്ത സാര്‍ക് സമ്മേളനം നടത്താനുള്ള തങ്ങളുടെ അവകാശം വിട്ടൊഴിയാന്‍ പാകിസ്ഥാന്‍ സമ്മതിച്ചാല്‍ മാത്രമെ, അടുത്ത സമ്മേളന വേദി മറ്റൊരിടത്തേക്ക് മാറ്റുവാന്‍ അഭിപ്രായ സമന്വയത്തിലൂടെ മാത്രം പ്രവര്‍ത്തിച്ചു വരുന്ന സാര്‍ക്കിനു കഴിയുകയുള്ളൂ. കോവിഡ്-19 നേരിടുന്നതിനായി ഇന്ത്യ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്നതിനായി വിദേശ കാര്യ മന്ത്രാലയത്തിലേയും ആഭ്യന്തര, കുടുംബ ക്ഷേമ, ആരോഗ്യ മന്ത്രാലയങ്ങളിലേയും ഉദ്യോഗസ്ഥര്‍ 130-ല്‍ പരം രാജ്യങ്ങളിലെ പ്രതിനിധികളേയും 100 ഹെഡ്‌സ് ഓഫ് മിഷന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനയിലെ ആളുകളേയും ഉള്‍പ്പെടുത്തി കൊണ്ട് നടത്തിയ സമ്മേളനത്തോട് അനുബന്ധിച്ചാണ് കൂട്ടായ പ്രതികരണം ആവശ്യമാണെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് ഉണ്ടായത്. 'വളരെ നിര്‍ണ്ണായകം... സാര്‍ക്കിനു നേരെ നീട്ടുന്ന ഒരു കൈ... സഹാനുഭാവം, വിതരണ മേഖലയിലെ ബുദ്ധിമുട്ടുകളും അനുഭവങ്ങള്‍ പങ്കുവെക്കലും വളരെ ഉപകാരപ്രദമാകും. മാത്രമല്ല അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള സമൂഹങ്ങള്‍ ‘കൊറോണ വൈറസ് പൊട്ടി പുറപ്പെടല്‍’ എന്ന ഒരു കാര്യത്തിലേക്ക് മാത്രമായി ഇത്തരം സമീപനങ്ങള്‍ ചുരുക്കുവാനും പാടില്ല''. പ്രധാനമന്ത്രി മോദിയുടെ സാര്‍ക് നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു കൊണ്ട് ഒബ്‌സര്‍വ്വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്‌ സമീര്‍ സരണ്‍ ട്വീറ്റ് ചെയ്തു.

ലോകത്താകമാനം നിരവധി ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞ കൊറോണ വൈറസിനെ കൈകാര്യം ചെയ്യുന്നതിനുള്ള വഴികള്‍ കണ്ടെത്തുവാനുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് വേണ്ടി നടത്തുന്ന മനുഷ്യത്വപരമായ സമീപനത്തിന് സാര്‍ക്കിനകത്തെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ ഇല്ലാതാക്കാൻ കഴിയുമോ എന്ന കാര്യം ഇനി കണ്ടറിയേണ്ടിയിരിക്കുന്നു.

For All Latest Updates

ABOUT THE AUTHOR

...view details