ന്യൂഡല്‍ഹി: ഇന്ത്യ- ചൈന തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂലായ് അവസാനത്തോടെ പൂര്‍ണ്ണ സജ്ജമായ ആറ് റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ. സഞ്ചാര ശേഷിയുള്ള 150 ആകാശ മിസൈലുകള്‍ വഹിക്കാനാവുന്ന റഫേല്‍ വിമാനങ്ങളാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. ഫ്രാന്‍സില്‍ വ്യോമ സേന പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനം പുരോഗമിക്കുകയാണ്.
ആറ് റഫേല്‍ യുദ്ധ വിമാനങ്ങള്‍ ജൂലായ് അവസാന ഇന്ത്യയില്‍ എത്തും - India likely to get six 'fully-loaded' Rafales by July-end
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജൂലായ് അവസാനത്തോടെ ആറ് റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയിലെ റഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ താവളമായ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി രണ്ട് സീറ്റുകളോട് കൂടിയ മൂന്ന് പരിശീലന വിമാനങ്ങള്‍ ഉള്‍പ്പെടെ നാല് റഫേല്‍ വിമാനങ്ങള്‍ എത്തിക്കാനായിരുന്നു പദ്ധതി. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എല്ലാ സാഹചര്യവും കണക്കിലെടുത്ത് വിമാനങ്ങള്‍ എത്തിക്കുന്ന തീയതി തീരുമാനിക്കുമെന്ന് വ്യോമ സേന അറിയിച്ചു. ഏഴ് ഇന്ത്യൻ പൈലറ്റുമാരുടെ ആദ്യ ബാച്ച് ഫ്രഞ്ച് എയർബേസിൽ പരിശീലനം പൂർത്തിയാക്കി. രണ്ടാം ബാച്ച് ഉടന്‍ ഫ്രാൻസിലേക്ക് പുറപ്പെടുമെന്നും വ്യോമസേന അറിയിച്ചു. 2016 സെപ്‌തംബറിലാണ് ഇന്ത്യ ഫ്രാന്‍സുമായി 60,000 കോടി രൂപയുടെ റഫേല്‍ കരാര്‍ ഒപ്പുവെക്കുന്നത്.